ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്കറും, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗതം ഗംഭീര്‍. മുൻ ക്രിക്കറ്റ് താരങ്ങൾ പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്. മാധ്യമ അഭിമുഖത്തിൽ സംസാരിക്കവേ ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീർ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകിയത്.
‘ഇത്തരം കാര്യങ്ങൾ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോൾ മോഡലുകളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇത് കാണുന്നത്. 2018ൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മൂന്ന് കോടി രൂപയാണു ഞാൻ വേണ്ടെന്നുവച്ചത്. എനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാൽ അർഹിക്കുന്നതേ സ്വന്തമാക്കാവൂ എന്നു ഞാൻ വിശ്വസിക്കുന്നു’–ഗംഭീർ പറഞ്ഞു.
പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് 20 കോടി ഓഫർ ചെയ്തിട്ടും സച്ചിൻ അതു വേണ്ടെന്നു വച്ചതായും ഗൗതം ഗംഭീർ വ്യക്തമാക്കി. ‘സച്ചിൻ തെൻഡുൽക്കർക്ക് 20–30 കോടി രൂപയായിരുന്നു ഓഫർ. എന്നാൽ പാൻ മസാല പരസ്യത്തിൽ അഭിനയിക്കില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സച്ചിൻ അദ്ദേഹത്തിന്റെ പിതാവിന് വാക്കുകൊടുത്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരു റോൾ മോഡലാകുന്നത്’– ഗംഭീർ പറയുന്നു.
ഐ.പി.എൽ മത്സരത്തിനിടയിലെ തർക്കത്തിന്റെ പേരില്‍ ഗൗതം ഗംഭീറിനെയും വിരാട് കോലിയെയും നേരത്തേ സേവാഗും ഗവാസ്കറും വിമർശിച്ചിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്ററായ ഗൗതം ഗംഭീറും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലിയും മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ചു പരസ്യമായി തര്‍ക്കിച്ചതാണു വിമർശനങ്ങൾക്കു വഴിവച്ചത്. സംഭവത്തില്‍ വിരേന്ദര്‍ സെവാഗ് പ്രതികരിച്ചിരുന്നു. മത്സരത്തില്‍ തോറ്റ ടീം സമാധാനപൂര്‍വം തോല്‍വികള്‍ അംഗീകരിക്കാന്‍ പഠിക്കണമെന്നാണ് അന്ന് സെവാഗ് പറഞ്ഞത്.
”ആ മത്സരം കഴിഞ്ഞ് ഞാൻ ടി.വി ഓഫാക്കി. അതിന് ശേഷം പിന്നീട് മൈതാനത്ത് എന്താണ് നടന്നത് എന്നതിനെ കുറിച്ച് എനിക്കൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ സോഷ്യൽ മീഡിയ തുറക്കുമ്പോഴാണ് വിവാദങ്ങളെ കുറിച്ച് അറിയുന്നത്. അവിടെ നടന്നതൊന്നും ശരിയായ കാര്യമല്ല. തോറ്റ ടീം തോൽവികളെ ആദ്യം അംഗീകരിക്കാൻ പഠിക്കണം. വിജയിച്ച ടീം ആഘോഷിക്കട്ടെ.
‘എന്തിനാണ് ഇരുടീമിലേയും കളിക്കാർ തമ്മിൽ കൊമ്പ് കോർക്കുന്നത്. ഈ രണ്ട് താരങ്ങളും രാജ്യത്തിന്റെ അഭിമാന താരങ്ങളാണ്.കുട്ടികളടക്കം മില്യൺ കണക്കിന് ആരാധകർ അവരെ പിന്തുടരുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ ഞങ്ങൾക്കും ഇതുപോലെ ചെയ്താലെന്താണെന്ന് അവർ ചോദിക്കില്ലേ. അവരിക്കാര്യം മനസിൽ സൂക്ഷിച്ചാൽ ഇതുപോലുള്ള സഭവങ്ങൾ ഒഴിവാക്കാം’-സെവാഗ് പറഞ്ഞു.