ഹൗറയിൽ മത്സ്യബന്ധനത്തിനിടയിൽ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് ഭീമൻ കരിമീൻ. തിങ്കളാഴ്ച രാവിലെ ഹൗറ ശിവഗഞ്ചിനടുത്തുള്ള ദാമോദർ നദിയിൽ നിന്നാണ് കൂറ്റൻ കരിമീൻ മത്സ്യത്തെ പിടികൂടിയത്. മുമ്പും നിരവധി തവണ വലിപ്പമേറിയ കരിമീൻ മത്സ്യങ്ങളെ ഈ പ്രദേശത്ത് നിന്നും കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയേറെ വലിപ്പമുള്ള കരീമീൻ (Common carp Fish) ഇനത്തിൽപ്പെട്ട മത്സ്യം വലയിൽ കുരുങ്ങുന്നത്.
മൃത്യുഞ്ജയ് മൊണ്ടൽ എന്ന മത്സ്യതൊഴിലാളിയുടെ വലയിലാണ് ഈ ഭീമൻ മത്സ്യം കുരുങ്ങിയത്.സുഹൃത്തുക്കളോടൊപ്പം പതിവുപോലെ തിങ്കളാഴ്ച രാവിലെ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ഈ ഭാഗ്യം മൃത്യുഞ്ജയ് മൊണ്ടലിനെ തുണച്ചത്. ഇതാദ്യമായാണ് ഇത്രയും വലിയൊരു മത്സ്യം ഇദ്ദേഹത്തിന്‍റെ വലയിൽ കുരുങ്ങുന്നത്. വലയ്ക്ക് അന്യായമായ ഭാരം അനുഭവപ്പെട്ടിരുന്നെങ്കിലും ഇങ്ങനെയൊരു മഹാഭാഗ്യമാണ് തന്നെ തേടിയെത്തുന്നതെന്ന് കരുതിയിരുന്നില്ലെന്ന് മൃത്യുഞ്ജയ് മൊണ്ടൽ പറയുന്നു.
വലയിൽ കുരുങ്ങിയ മത്സ്യത്തിന്‍റെ അസാധാരണമായ വലിപ്പമാണ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. 5-7 കിലോഗ്രാം ഭാരമുള്ള കരിമീൻ മത്സ്യങ്ങളെ എളുപ്പത്തിൽ കണ്ടെത്താം. 10-12 കിലോഗ്രാം ഭാരമുള്ള കരിമീൻ മത്സ്യങ്ങളും അസാധാരണമല്ല. എന്നാൽ മൃത്യുഞ്ജയന്‍റെ വലയിൽ കുടുങ്ങിയ മത്സ്യത്തിന്‍റെ ഭാരം എത്രയാണെന്നോ? 19.6 കിലോ.ഭീമൻ മത്സ്യത്തെ സ്വന്തമാക്കാനായി പിന്നീട് നടന്നത് വാശിയേറിയ ലേലമായിരുന്നു. ലേലത്തിൽ 5,000 രൂപയ്ക്കാണ് കച്ചവടക്കാരനായ അമീറുൾ എന്നയാൾ ഈ മത്സ്യം സ്വന്തമാക്കിയത്. ശ്യാംപൂരിലെ രൂപനാരായണൻ നദിയിൽ ഒരു മത്സ്യത്തൊഴിലാളിയുടെ വലയിൽ അടുത്തിടെ കുരുങ്ങിയ 14 കിലോയുള്ള ഭീമൻ “ഭോല മത്സ്യം” വിറ്റു പോയത് 2,000 രൂപയ്ക്കാണ്.