കുന്നമംഗലം> രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിച്ച് രാജ്യദ്രോഹ കമന്റിട്ട അധ്യാപിക ഷൈജ ആണ്ടവനെതിരെ എൻഐടി അധികൃതർ ഇനിയും നടപടിയെടുത്തില്ല. ഇവർ അവധിയെടുത്ത് പാലക്കാട്ടേക്ക് മുങ്ങിയതായാണ് വിവരം. ഷൈജ ക്യാമ്പസിലെത്തുന്ന മുറയ്‌ക്ക് അവരുടെ മൊഴിയെടുക്കുമെന്ന് കുന്നമംഗലം സിഐ എസ് ശ്രീകുമാർ പറഞ്ഞു. ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഷൈജ അപഹസിച്ച് കമന്റിട്ടത്. എസ്എഫ്ഐ ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിനുമുമ്പിൽ ‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് ‘ എന്നെഴുതിയ ഫ്ലക്സ് ബോർഡ് ഡിവൈഎഫ്ഐയും സ്ഥാപിച്ചു.
വൈശാഖിനെ മർദിച്ച പത്തോളം വിദ്യാർഥികളും ക്യാമ്പസിൽനിന്ന് മുങ്ങി. ഇവർക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഡയറക്ടർ ഒരുക്കിയെന്നാണ് ആരോപണം. എൻഐടിക്ക് നാല് വരെ അവധി പ്രഖ്യാപിച്ചത് അതിനായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ഒന്നാം പ്രതി ആന്ധ്രക്കാരനാണ്. അതിനിടയിൽ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ‘ എന്ന കറുത്ത ബാനർ എസ്എഫ്ഐ എൻഐടി ക്യാമ്പസിൽ കെട്ടി. സെക്യൂരിറ്റി അത് അഴിച്ചുമാറ്റിയെങ്കിലും എസ്എഫ്ഐ പ്രവർത്തകർ വീണ്ടും സ്ഥാപിച്ചു.