കോഴിക്കോട്: മദ്റസകൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുന്നുവെന്ന സംഘ്പരിവാറിന്റെ കള്ള പ്രചാരണത്തിനെതിരെ കെ.ടി ജലീൽ എം.എൽ.എ. പൊതുവിദ്യാഭ്യാസ വകുപ്പിലൂടെ മദ്റസകൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുന്നു എന്ന കള്ള പ്രചരണത്തെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹിന്ദു ഐക്യവേദി നേതാവായ ആർ.വി ബാബുവാണ് മദ്റസകൾക്ക് സംസ്ഥാന സർക്കാർ നൽകിയ ധനസഹായത്തിന്റെ കണക്കുകൾ എന്ന പേരിൽ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിന് മറുപടിയുമായാണ് ജലീൽ രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നുണപ്രചരണം ഫാഷിസത്തിന്റെ ഇന്ത്യൻ പതിപ്പായ സംഘിസത്തിന്റെ കൂടപ്പിറപ്പാണ്. ഒരു നുണ ആയിരം തവണ ആവർത്തിച്ച് അത് സത്യമാണെന്ന് വരുത്തുക. സമീപകാലത്ത് ചില വലതുപക്ഷ സമുദായ സംഘടനകളും തങ്ങളുടെ പ്രത്യയശാസ്ത്ര എതിരാളികൾക്കെതിരെ ഇത്തരം രീതികൾ അവലംബിക്കുന്നത് കാണാം.
സമാനമായ ഒന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിലൂടെ മദ്റസകൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുന്നു എന്ന കള്ള പ്രചരണം. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നാണ് രണ്ടാം യു.പി.എ സർക്കാർ മദ്റസാ നവീകരണ പദ്ധതിക്ക് തുടക്കമിട്ടത്. സ്കൂളിൽ പോകാതെ മദ്റസകൾകളിൽ മാത്രം പഠിക്കുന്ന കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ കുട്ടികളിൽ ശാസ്ത്ര ബോധവും ഗണിതശാസ്ത്ര പരിജ്ഞാനവും വളർത്തിയെടുത്ത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരലാണ് പദ്ധതി കൊണ്ട് യൂണിയൻ ഗവൺമെന്റ് ലക്ഷ്യമിട്ടത്.
മദ്റസാ നവീകരണ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത് കേന്ദ്രവിദ്യാഭ്യാസ വകുപ്പിലെ സ്കൂൾ എഡ്യൂക്കേഷൻ ആന്റ് ലിറ്ററസിയിലൂടെയാണ്. 2021 വരെ ഇത് തുടർന്നു. അതിനുശേഷം രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ആ പദ്ധതി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിലേക്ക് മാറ്റി. മാത്രമല്ല ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പദ്ധതി തുക, മദ്റസാ നവീകരണമുൾപ്പടെയുള്ള പദ്ധതികൾക്ക് വർദ്ധിപ്പിച്ചതായി നരേന്ദ്രമോദി ഗവ: മേനി പറയുകയും ചെയ്തു. സംസ്ഥാനത്തും മദ്രസ്സാ നവീകരണ പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പു മുഖേനയാണ് നടപ്പാക്കിയത്. രണ്ടു പദ്ധതികളാണ് കേന്ദ്രാവിഷ്കൃതമായ ഈ സ്കീമിൽ ഉൾപ്പെട്ടത്. ഒന്ന്, സ്കീം ഫോർ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യൂകേഷൻ ഇൻ മദ്രസ്സാസ്, മറ്റൊന്ന്, ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് ഇൻ മൈനോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ്. പേരു സൂചിപ്പിക്കുന്നതുപോലെ ഇതു എല്ലാ ന്യൂനപക്ഷ സ്ഥാപന അടിസ്ഥാന സൗകര്യവികസനത്തിനും വിനിയോഗിക്കുന്നു.
മേൽ പദ്ധതിക്ക് അപേക്ഷിക്കാൻ മറ്റു കേന്ദ്ര സർക്കാർ പദ്ധതികളെപ്പോലെത്തന്നെ ഒരുപാട് വ്യവസ്ഥകളാണുള്ളത്. അവ പൂർത്തിയാക്കിയ മദ്രസ്സകൾക്കു മാത്രമേ നവീകരണ സഹായത്തിനായി അപേക്ഷിക്കാൻ അർഹതയുള്ളൂ.
കേരളത്തിൽ മദ്രസ്സാ നവീകരണ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ വ്യവസ്ഥകൾ പാലിച്ച കുറച്ചു മദ്രസ്സകളേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമായും ഈ ഫണ്ട് അത്തരം മദ്രസ്സകളിൽ കമ്പ്യൂട്ടർ ലാബുകൾ ഒരുക്കാനാണ് ചെലവിട്ടത്. സയൻസും ഗണിതവും പഠിപ്പിക്കാൻ താൽക്കാലിക അദ്ധ്യാപകരെയും നിയമിച്ചു. എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളെയും പോലെ നിശ്ചിത വർഷത്തേക്കാകും മദ്രസ്സാ നവീകരണ പദ്ധതിയുമെന്നാണ് കരുതേണ്ടത്.
കേന്ദ്ര സർക്കാരിൻ്റെ മദ്രസ്സാ നവീകരണ പദ്ധതി ചൂണ്ടിക്കാണിച്ചാണ് മദ്രസ്സകൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുന്നതായി സംഘ്പരിവാരങ്ങൾ പ്രചരിപ്പിച്ചത്. സംസ്ഥാന സർക്കാർ അങ്ങിനെ വല്ല സഹായവും നൽകുന്നുണ്ടെങ്കിൽ അത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയാകും നൽകുക. കേരള സർക്കാർ ഒരു രൂപ പോലും മദ്രസ്സകൾക്ക് ഇക്കാലമത്രയും നൽകിയിട്ടില്ല.
മദ്രസാദ്ധ്യാപക ക്ഷേമനിധി മറ്റു ക്ഷേമ നിധികൾ പോലെ ഒരു ക്ഷേമനിധിയാണ്. ക്ഷേത്ര ജീവനക്കാർക്കും തത്തുല്യ ക്ഷേമനിധി നിലവിലുണ്ട്. മദ്രസ്സാദ്ധ്യാപകർ നൽകുന്ന വിഹിതവും മദ്രസ്സാ മാനേജ്മെൻ്റുകൾ നൽകുന്ന വിഹിതവുമാണ് ഈ ക്ഷേമനിധിയുടെ മൂലധനം. ഈ തുക, സർക്കാർ ട്രഷറിയിലാണ് മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് നിക്ഷേപിച്ചിട്ടുള്ളത്. ഏതാണ്ട് മുപ്പത് കോടിയോളം വരും ഈ സംഖ്യ. വിവിധ ആവശ്യങ്ങൾക്ക് സർക്കാർ തരാതരം പോലെ ഇത് ഉപയോഗിക്കുന്നു. ആ ട്രഷറി നിക്ഷേപത്തിന് സർക്കാർ ഒരു ഇൻസൻ്റീവ് മദ്രസ്സാ ക്ഷേമനിധിയിലേക്ക് നൽകുന്നു. സർക്കാർ നൽകുന്ന ഇൻസൻ്റീവിനെക്കാൾ കൂടുതലാകും ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ ഈ ഇരുപത്തിയഞ്ച് മുപ്പത് കോടി രൂപ നിക്ഷേപിച്ചാൽ ലഭിക്കുക. അത് വേണ്ടെന്നു വെച്ചത് “പലിശ”യെക്കാൾ നല്ലത് സർക്കാരിൻ്റെ ഇൻസൻ്റീവാണ് എന്ന നിലക്കാണ്.
കേരളത്തിലെ മഹാഭൂരിപക്ഷം ക്ഷേത്രങ്ങളും വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലാണ്. ക്ഷേത്രങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു നയാ പൈസ പോലും സംസ്ഥാന സർക്കാർ എടുക്കുന്നില്ല. കഴിഞ്ഞ അഞ്ചാറുവർഷത്തിനിടയിൽ ക്ഷേത്രാവശ്യങ്ങൾക്ക് പൊതു ഖജനാവിൽ നിന്ന് സർക്കാർ ചെലവിട്ടത് ഉദ്ദേശം 512 കോടി രൂപയാണ്. ഈ ലിസ്റ്റ് ചൂണ്ടി കാണിച്ച് ഏതെങ്കിലും ക്രൈസ്തവ-മുസ്ലിം സംഘടനകൾ കള്ളപ്രചരണങ്ങൾ നടത്തിയതായി അറിവില്ല. അതിൻ്റെ പേരിൽ വർഗീയ ധ്രുവീകരണത്തിന് ആരും ശ്രമിച്ചിട്ടില്ല. ഞങ്ങളും കൂടി നൽകുന്ന നികുതിപ്പണത്തിൽ നിന്ന് ക്ഷേത്രങ്ങൾക്ക് പണം നൽകുന്നു എന്നു പറഞ്ഞ് ആളെക്കൂട്ടി സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാൻ ബന്ധപ്പെട്ടവരാരും മിനക്കെട്ടിട്ടില്ല. 512 കോടി പൊക്കിപ്പിടിച്ച് ജനങ്ങൾക്കിടയിൽ ചേരിതിരിവിനും ഒരാളും മുതിർന്നതായി കേട്ടുകേൾവിയില്ല.
ഇതൊക്കെയാണ് വസ്തുതയെന്നിരിക്കെ സംഘികളും അവരുടെ പ്രചരണ സംവിധാനങ്ങളും നടത്തുന്ന കല്ലുവെച്ച നുണ ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ്. സംഘ് പരിവാറുകാർ നടത്തുന്ന വിഭജന നീക്കളെ യഥാർത്ഥ ഹൈന്ദവ വിശ്വാസികൾ ഉൾപ്പടെയുള്ള മതനിരപേക്ഷ വാദികൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം.