കൊല്ലം: ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ തൃശൂരിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപനക്കായി കൊണ്ടുവന്ന മൂന്നുകോടി രൂപ വിലവരുന്ന 6.410 കിലോ സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് പിടികൂടി. പിഴയിനത്തിൽ 18.75 ലക്ഷം രൂപ ഈടാക്കി സ്വർണാഭരണങ്ങൾ ഉടമക്ക് വിട്ടുനൽകി.
കഴിഞ്ഞ സാമ്പത്തികവർഷം കരുനാഗപ്പള്ളി ജി.എസ്.ടി സ്ക്വാഡ് 24 കേസുകളിലായി 11 കോടി വിലവരുന്ന 22 കിലോ സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവുമാണ് പിടികൂടിയത്. നികുതി, പിഴ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപ ഈടാക്കി. 2020-21 സാമ്പത്തികവർഷം 41 കേസുകളിലായി 15.33 കോടി വിലവരുന്ന 32 കിലോ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. ഒരു കോടി 25 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. പിഴയും ഫൈനും അടയ്ക്കാത്തതിനാൽ ജി.എസ്.ടി നിയമപ്രകാരം നാല് കിലോ സ്വർണാഭരണങ്ങളും അവ കടത്താനുപയോഗിച്ച രണ്ട് കാറുകളും സർക്കാറിലേക്ക് കണ്ടുകെട്ടുകയും ചെയ്തു.