ദുബൈ : ദുബൈയില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 200 ദിര്‍ഹത്തില്‍ താഴെയെത്തി. ഇതോടെ വിവിധ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കേറി. അവധിക്കാലത്ത് രാജ്യം വിട്ടു പോയവര്‍ ഫോണിലൂടെ വിളിച്ച് സ്വര്‍ണം ബുക്ക് ചെയ്യുന്നുണ്ടെന്നും ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. ഇതിനായുള്ള സൗകര്യവും ജ്വല്ലറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച വ്യപാരം അവസാനിക്കുന്ന സമയത്ത് ദുബൈയില്‍ ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന് 197.25 ദിര്‍ഹമായിരുന്നു വില. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 20 ഡോളര്‍ കൂടി കുറഞ്ഞ് 1740 ഡോളിറില്‍ എത്തിയതിനാല്‍ ഇനിയും വില കുറയാനുള്ള സാധ്യതകളുമുണ്ട്. ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ ഔൺസിന് 1810 ഡോളര്‍ എന്ന നിലയിലായിരുന്നു രാജ്യാന്തര വിപണിയിലെ വില.
ദുബൈ വിപണിയില്‍ ഇതിന് മുമ്പ് ഈ വര്‍ഷം തുടക്കത്തിലായിരുന്നു സ്വര്‍ണത്തിന് ഏറ്റവും വില കുറഞ്ഞത്. അപ്പോള്‍ പോലും ഗ്രാമിന് 201 ദിര്‍ഹമായിരുന്നു വിലയുണ്ടായിരുന്നത്. എന്നാല്‍ അതും കടന്ന് വില 200 ദിര്‍ഹത്തിന് താഴേക്ക് പോയതോടെയാണ് കടകളില്‍ തിരക്കേറിയത്. ഉടനെ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി ബുക്കിങ് സൗകര്യവും പല ജ്വല്ലറികളും ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വിലയില്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ പിന്നീട് വില കൂടുകയാണെങ്കിലും ഇതേ വിലയ്‍ക്ക് തന്നെ സ്വര്‍ണം നല്‍കുമെന്ന് ജ്വല്ലറികള്‍ പറയുന്നു. എന്നാല്‍ വില ഇനിയും കുറയുമെങ്കില്‍ കുറഞ്ഞ വിലയ്‍ക്ക് തന്നെ സ്വര്‍ണം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് വാഗ്ദാനം.
ഇപ്പോഴത്തെ വിലക്കുറവ് മുതലാക്കാനായി നിരവധിപ്പേര്‍ കടകളിലെത്തുന്നുണ്ടെന്ന് യുഎഇയിലെ ജ്വല്ലറി ജീവനക്കാരും പറയുന്നു. നേരത്തെ പതിവായി സ്വര്‍ണം വാങ്ങാത്തവര്‍ പോലും ഇപ്പോള്‍ കടകളിലെത്തുന്നവരിലുണ്ട്. ഉഷ്ണകാലവും പെരുന്നാള്‍ അവധിയും കാരണം യുഎഇയില്‍ ഇല്ലാത്തവര്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ വാങ്ങാമെന്ന കണക്കുകൂട്ടലില്‍ മുന്‍കൂട്ടി കുറഞ്ഞ വിലയ്‍ക്ക് ബുക്ക് ചെയ്യുന്നു. അമിത ചെലവുകളില്‍ നിന്ന് അകലം പാലിക്കുന്ന പ്രവാസികള്‍ പോലും ഇപ്പോഴത്തെ വിലക്കുറവ് വിട്ടുകളയാന്‍ തയ്യാറല്ലെന്നതാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.