ന്യൂഡല്‍ഹി∙ സ്വർണക്കടത്തു കേസിലെ തുടർവിചാരണ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നവംബർ മൂന്നിലേക്ക് മാറ്റി. മറുപടി സത്യവാങ്മൂലത്തിന് ഇഡി കൂടതൽ സമയം ചോദിച്ച സാഹചര്യത്തിലാണ് തീരുമാനം.
ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അട്ടിമറിക്കാൻ കേരള സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽനിന്നു വിചാരണ മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടത്.
തുടർവിചാരണ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് മാറ്റുന്നതിനെ കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ എതിർത്തിരുന്നു. ഇഡിയുടെ ട്രാൻസ്ഫർ ഹർജി കേന്ദ്രസർക്കാരിനെ സന്തോഷിപ്പിക്കാനെന്നും കേരളത്തിലെ ഭരണ–രാഷ്ട്രീയ നേതൃത്വത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ശിവശങ്കർ ആരോപിച്ചു.