ഇന്ന് മുതൽ 23 വരെ പാറ്റ്നയിൽ നടക്കുന്ന ബിഹാർ ഡയറി ആൻഡ് കാറ്റിൽ എക്സ്പോയിലെ മിന്നുംതാരമാണ് ഗോലു-2 എന്ന പോത്ത്. ഇതിന്റെ ഭാരം 15 ക്വിന്റലാണ്, അതായത് 1500 കിലോ. അത് മാത്രമല്ല അവൻ ഷോയിലെ പ്രധാന ആകർഷണമാകാൻ കാരണം. അവൻ ഒരുമാസം സമ്പാദിക്കുന്നത് എട്ടു ലക്ഷം രൂപയാണ്. പാനിപ്പത്തിൽ നിന്നുള്ള നരേന്ദ്ര സിങ്ങെന്ന കർഷകന്റെയാണ് ഗോലു-2. അസാധാരണമായ ആരോഗ്യവും ശക്തിയും കാരണവും അവൻ അറിയപ്പെടുന്നു. അത് നിലനിർത്താൻ വേണ്ടി ദിവസം 30 കിലോഗ്രാം പച്ചപ്പുല്ലും കാലിത്തീറ്റയും അവന് നൽകുന്നു. തീർന്നില്ല, ഇതിന് പുറമെ 10 കിലോ ആപ്പിളും നൽകുന്നുണ്ട്. പത്ത് ലിറ്റർ പാലാണ് അവൻ ഓരോ ദിവസം ഉത്പാദിപ്പിക്കുന്നത്. പ്രതിവർഷം ഏകദേശം 10,000 എരുമകൾക്ക് ഗർഭം ധരിക്കാൻ ആവശ്യമായ ബീജവും ഗോലു 2 ഉത്പാദിപ്പിക്കുന്നുവെന്നാണ് ഒരു മുതിർന്ന വെറ്ററിനറി വിദഗ്ധൻ അഭിപ്രായപ്പെടുന്നത്.
പാനിപ്പത്തിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളതാണ് ഗോലു-2. അവന്റെ വിപണി മൂല്യം അഞ്ച് വർഷം മുമ്പ് പാനിപ്പത്തിൽ നടന്ന ഒരു കാർഷിക മേളയിൽ കണക്കാക്കിയത് 10 കോടി രൂപയായിരുന്നു. അഞ്ച് പേരടങ്ങുന്ന ഒരു സംഘം ഗോലു-2 നെ പരിചരിക്കാനും അവന്റെ സുരക്ഷയ്ക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് നരേന്ദ്ര സിംഗ് പറയുന്നു. മേളകളിലും മറ്റും സ്റ്റാറായതിനാലും മൂല്ല്യവും ഒക്കെ കാരണം മോശമല്ലാത്ത ആഡംബരജീവിതമാണ് ഗോലു ടു നയിക്കുന്നത്.
ദിവസവും ഒരു ലിറ്റർ കടുകെണ്ണ ഉപയോഗിച്ചുള്ള മസാജ് അതിൽ പെടുന്നതാണ്. ഒപ്പം എയർ കണ്ടീഷൻ ചെയ്ത റൂമിലേക്കും അവന് പ്രവേശനമുണ്ട്. അതുപോലെ ദിവസം നാല് മണിക്കൂർ അവന് ടിവി കാണാനുള്ള അനുവാദമുണ്ട്. അതുപോലെ രാവിലെയും വൈകുന്നേരവും അഞ്ച് കിലോമീറ്റർ അവൻ നടക്കും. ഡിസംബർ 30 -ാണത്രെ ഈ പോത്തിന്റെ പിറന്നാൾ ദിനം. അവന്റെ ബീജം ഒരു ഡോസിന് 300 രൂപയാണ് ഈടാക്കുന്നത് എന്നും നരേന്ദ്ര സിംഗ് പറയുന്നു.