ന്യൂഡൽഹി: ഗൂഗിളിന് വീണ്ടും പിഴയിട്ട് കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണ ഗൂഗിളിന് പിഴയിടുന്നത്. നാലുദിവസം മുൻപു പിഴയിട്ട 1337.76 കോടിയും കൂടിയാകുമ്പോൾ ആകെ 2274 കോടി രൂപയാണ് ഗുഗിൾ അടയ്ക്കേണ്ടി വരിക.
ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വർഷമാണ്. സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി.
ഒരു വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽ ഗൂഗിൾ നേരിട്ട നടപടികൾ
∙ ഗൂഗിൾ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളുടെ മേൽ സമ്മർദം ചെലുത്തുകയും സമാന്തര ആപ്പുകൾ തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതിന് യൂറോപ്യൻ യൂണിയൻ വിധിച്ചത് 31,000 കോടി രൂപയുടെ പിഴ.
∙ ദക്ഷിണകൊറിയയിൽ ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചതിന് 400 കോടി രൂപ പിഴ.
∙ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷൻ ദുഷ്കരമാക്കി വച്ചതിന് ഫ്രാൻസിൽ 1265 കോടി രൂപ പിഴ.
∙ വിപണിമര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ.
∙ ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിന് ഫ്രാൻസിൽ 1950 കോടി രൂപ പിഴ.