പട്ന ∙ ഗോപാൽഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സാധു യാദവിന്റെ പത്നി ഇന്ദിരാ യാദവ് ബിഎസ്പി സ്ഥാനാർഥിയായത് ആർജെഡിക്കു ഭീഷണി. റാബ്റി ദേവിയുടെ സഹോദരൻ സാധു യാദവ് ഏറെക്കാലമായി ലാലു കുടുംബവുമായി അകൽച്ചയിലാണ്. സാധു യാദവ് ആർജെഡി ടിക്കറ്റിൽ നിയമസഭയിലേക്കു വിജയിച്ചിട്ടുള്ള മണ്ഡലമാണ് ഗോപാൽഗഞ്ച്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ നിന്നു വിജയിച്ച ചരിത്രവും സാധു യാദവിനുണ്ട്. ബിഹാറിൽ ലാലു – റാബ്റി സർക്കാരിന്റെ കാലത്തു സാധു യാദവ് ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.
ഗോപാൽഗഞ്ചിൽ ബിജെപി എംഎൽഎയായിരുന്ന സുഭാഷ് സിങ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. സുഭാഷ് സിങിന്റെ വിധവ കുസുംദേവിയാണ് ബിജെപി സ്ഥാനാർഥി. മോഹൻ പ്രസാദ് ഗുപ്തയാണ് ഗോപാൽഗഞ്ചിലെ ആർജെഡി സ്ഥാനാർഥി. ബിഎസ്പി സ്ഥാനാർഥിയായ ഇന്ദിരാ യാദവ് ആർജെഡി വോട്ടുകൾ ഭിന്നിപ്പിക്കുകയാണെങ്കിൽ ബിജെപിക്കു സഹായകമാകുമെന്നാണു വിലയിരുത്തൽ. സാധു യാദവിനു ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഗോപാൽഗഞ്ച്. ഗോപാൽഗഞ്ചിനു പുറമെ മൊകാമ മണ്ഡലത്തിലും നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കും.