മുംബൈ: ഒമ്പതു വയസുകാരൻ ഓടിച്ച സൈക്കിൾ ഇടിച്ച് നടിയുടെ അമ്മക്ക് പരിക്കേറ്റ സംഭവത്തിൽ കുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. കേസുള്ളതിനാൽ പാസ് പോർട്ട് ലഭിക്കാതെ സ്വിറ്റ്സർലാൻഡിലേക്കുള്ള സ്കൂൾ ട്രിപ്പ് കുട്ടിക്ക് നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.സീരിയൽ നടി സിമ്രാൻ സച്ച്ദേവിന്റെ 63 കാരിയായ അമ്മയെയാണ് കുട്ടി സൈക്കിൾ കൊണ്ട് ഇടിച്ചത്. സംഭവത്തിനു ശേഷം നടി പരാതി നൽകി. പരാതിയെ തുടർന്നാണ് കുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കുട്ടിക്കെതിരായ കേസ് തെറ്റിദ്ധാരണയുടെ പുറത്ത് രജിസ്റ്റർ ചെയ്തതാണെന്ന് പറഞ്ഞ് പൊലീസ് ക്ലോഷർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് നൽകി അഞ്ചുമാസമായിട്ടും ഡോൻഗ്രി ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇതുവരെ കേസ് റദ്ദാക്കിയിട്ടില്ല.
മാർച്ച് 27 ന് ഗോറെഗാവിലെ ഒരു ഹൈ-റൈസ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. സംഭവം വാർത്തയായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കേസ് ഒഴിവാക്കാൻ തീരുമാനിക്കുകയും മെയ് 20 ന് ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.2023 മാർച്ച് 18-25 തീയതികളിൽ സ്വിറ്റ്സർലാൻഡിലെ വെർബിയറിലേക്ക് സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നുണ്ട്. പാസ്‌പോർട്ട് സമർപ്പിക്കുന്നതിനും പണം അടക്കുന്നതിനുമുള്ള അവസാന തിയതി ഒക്ടോബർ 14 ആണ്. എന്നാൽ കുട്ടിയുടെ അമ്മക്ക് മകന്റെ പാസ്‌പോർട്ട് പുതുക്കാൻ കഴിഞ്ഞില്ല. എഫ്.ഐ.ആർ നിലനിൽക്കുന്നതിനാൽ പാസ്‍പോർട്ട് പുതുക്കാനാകില്ലെന്നാണ് അധികൃതർ അറിയിച്ചത്.
കേസിൽ അകപ്പെട്ടത് മകന്റെ മാനസികാവസ്ഥയെ ബാധിക്കുകയും പഠനത്തെ പോലും ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്ന് മാതാവ് പറയുന്നു.’ഒരു കുറ്റവാളിയോടെന്ന പോലെയാണ് എന്റെ മകനോട് പൊലീസ് പെരുമാറിയത്. ദിൻദോഷി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സഞ്ജയ് പാട്ടീലിന്റെ സ്വാധീനത്തിന് വഴങ്ങി എഫ്.ഐ.ആർ ഫയൽ ചെയ്ത വൻറായ് പൊലീസിന്റെ നടപടിയിൽ എന്റെ മകൻ അനുഭവിക്കേണ്ടിവന്നു’ അവർ കൂട്ടിച്ചേർത്തു.
മാധ്യമ വാർത്തകളെ തുടർന്ന് ഡി.സി.പി സോമനാഥ് ഗാർഗെ എഫ്.ഐ.ആർ ഫയൽ ചെയ്ത സബ് ഇൻസ്പെക്ടർ താനാജി പാട്ടീലിനും സംഭവസമയത്ത് വൻറായ് പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ റാണി പുരിക്കുമെതിരെ അന്വേഷണം ആരംഭിച്ചു.അന്വേഷണം പൂർത്തിയായൽ ഉചിതമായ നടപടിയെടുക്കും. കുട്ടിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
എഫ്.ഐ.ആർ റദ്ദാക്കാത്തത് കുട്ടിയുടെ കരിയറിന് തടസ്സമാണെന്ന് അഭിഭാഷകൻ ശ്രാവൺ ഗിരി പറഞ്ഞു. പാസ്പോർട്ട് പുതുക്കാൻ കഴിയുന്നില്ല. ഇന്റർനാഷണൽ ബോർഡ് സ്കൂളിൽ പ്രവേശനം നേടാനാവില്ല. കുട്ടിയെ ആദ്യം തന്നെ കുറ്റവാളിയായാണ് കാണുന്നത്. അത് അവന്റെ ഭാവിയെയും ബാധിക്കും. കുടുംബം മുഴുവൻ ഈ കേസിന്റെ പേരിൽ അപകീർത്തിപ്പെടുന്നു. ഈ നിയമവിരുദ്ധ എഫ്.ഐ.ആർ കുട്ടിയുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.