തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഡീസൽ വാങ്ങാൻ സർക്കാർ 20 കോടി രൂപ അനുവദിച്ചു. 4 ദിവസത്തിനുള്ളിൽ തുക കൈമാറും. ധനവകുപ്പു നൽകുമെന്നു പറഞ്ഞ 20 കോടി ലഭിക്കാതെ വന്നതോടെ കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഡീസൽ വാങ്ങാൻ പണമില്ലാതെ ഇന്നലെ 50% ഓർഡിനറി സർവീസുകൾ ഓടിയില്ല. ഇതോടെയാണ് അടിയന്തരമായി തുക അനുവദിച്ചത്.
ശമ്പളം നൽകാനും ബാങ്കുകളുടെ മുൻവായ്പാക്കുടിശിക അടയ്ക്കാനുമായി ധനവകുപ്പ് നൽകുന്ന 50 കോടിയിൽ 30 കോടി മാത്രമെ ഇതുവരെ നൽകിയിട്ടുള്ളൂ. അതു ബാങ്കുകളുടെ വായ്പാക്കുടിശികയായി അടച്ചു. ബാക്കി 20 കോടി ആവശ്യപ്പെട്ടുള്ള ഫയൽ ധനമന്ത്രിയുടെ ഓഫിസിൽ നൽകിയിട്ടു മൂന്നാഴ്ചയായിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് സർവീസ് മുടങ്ങിയത്.
ഓഗസ്റ്റ് 5 കഴിഞ്ഞിട്ടും ജീവനക്കാർക്കു ജൂലൈയിലെ ശമ്പളം നൽകാൻ ആലോചന പോലും തുടങ്ങിയിട്ടില്ല. ഇപ്പോൾ ദിവസേന പണം നൽകിയാണു ഡീസൽ വാങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനു മുൻ കുടിശിക 123 കോടിയും പലിശയും ചേർത്തു 139 കോടി കൊടുക്കാനുള്ളതിനാൽ ഇന്ധനം ലഭിക്കുന്നില്ല.