ന്യൂഡൽഹി: കഴിഞ്ഞ മാസം കയറ്റുമതി നിരോധിച്ച ശേഷം 469,202 ടൺ ഗോതമ്പ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചതായി റിപ്പോർട്ട്. എന്നാൽ 1.7 ദശലക്ഷം ടൺ ഗോതമ്പ് തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും മൺസൂൺ ഭീഷണി ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ടാൻസാനിയ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ഗോതമ്പ് കയറ്റിയയച്ചത്.
2022 ഏപ്രിലിൽ 1.46 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. മേയ് 14ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിക്കുകയായിരുന്നു. കടുത്ത സൂര്യതാപത്തെ തുടർന്ന് രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനം കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 7.2 ദശലക്ഷം ടൺ ഗോതമ്പാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്.