ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതോടെ സർക്കാർ നിശ്ചലാവസ്ഥയിലായെന്ന് ഡൽഹി ഹൈകോടതി. സിറ്റി സിവിൽ ബോഡി നടത്തുന്ന സ്‌കൂളുകളിലെ വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ചുള്ള ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. ദേശീയ തലസ്ഥാനമായ ഡൽഹിയിലെ മുഖ്യമന്ത്രി പദവി ആലങ്കാരികമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കണമെന്നും വിലയിരുത്തി. അദ്ദേഹത്തിന്റെ അസാന്നിധ്യം കുട്ടികൾക്ക് സൗജന്യമായി പാഠപുസ്തകങ്ങളും യൂനിഫോമും മറ്റ് പഠന സാമഗ്രികളും ലഭിക്കുന്നതിന് തടസ്സമാകാൻ പാടില്ല.
ഈ പദവി വഹിക്കുന്ന ഒരു വ്യക്തിയും ദീർഘനാളത്തേക്കോ അനിശ്ചിത കാലത്തേക്കോ ആശയവിനിമയം നടത്തുകയോ വിട്ടുനിൽക്കുകയോ ചെയ്യരുതെന്നാണ് ചട്ടമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസുമാരായ മൻമോഹൻ, മൻമീത് പ്രീതം അറോറ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ കമീഷണറുടെ ഏതെങ്കിലും സാമ്പത്തിക അധികാരം വർധിപ്പിക്കുന്നതിന് കെജ്രിവാളിന്റെ അനുമതി വേണമെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞത് സർക്കാർ നിശ്ചലമായി എന്നതിന്റെ തെളിവാണെന്നും കോടതി വ്യക്തമാക്കി. ഭരണപരമായ തടസ്സങ്ങൾ കാരണം അധ്യയന വർഷത്തിന്റെ തുടക്കത്തിൽ രണ്ട് ലക്ഷത്തോളം വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജി പരിഗണിക്കുന്നതിനിടെ, വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിന് കെജ്‍രിവാളിനെയും ഡൽഹി സർക്കാരിയെും ഹൈകോടതി രൂക്ഷമായി വിമർശിച്ചു. മദ്യനയക്കേസിൽ അറസ്റ്റിലായ ശേഷവും ആ പദവിയിൽ തുടരണമെന്ന കെജ്രിവാളിന്റെ നിർബന്ധം ദേശീയ താൽപര്യത്തിന് മേലുള്ള രാഷ്ട്രീയ താൽപര്യം ഉയർത്തുന്നതായി ജഡ്ജിമാർ വിമർശിച്ചു.