വിഴിഞ്ഞം സമരത്തിൽ നിർണായക നിലപാടുമായി സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഓഖി വർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്. തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ ഡിസംബർ 11 വരെയുള്ള സമരക്രമവും സർക്കുലറിൽ വായിക്കും. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104ആം ദിനമാണ്.
ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.
പൊലീസ് സംരക്ഷണത്തോടെ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശമുണ്ട്. സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ചിരുന്നു. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് നിർമ്മാണ സാമഗ്രികൾ അദാനി പോർട്ട് അധികൃതർ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. കനത്ത പൊലീസ് വിന്യാസം നിലനിൽക്കെയാണ് 27 ലോറികളിൽ നിർമ്മാണ സാമാഗ്രികളെത്തിച്ചത്. സമരപ്പന്തൽ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ പക്ഷേ വാഹനങ്ങൾക്കായില്ല.