തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി നിയോഗിക്കപ്പെട്ട റവന്യൂ ജീവനക്കാരെ തിരിച്ചു വിളിക്കാൻ സർക്കാർ തീരുമാനിച്ചു. ആറു മാസമായി പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് താൽക്കാലികമായി ഇവരെ തിരിച്ചു വിളിക്കുന്നത്. 11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സിൽവർലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് സാമൂഹികാഘാത പഠനം തുടങ്ങാനായിട്ടില്ല.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപായി സിൽവർലൈനായി കല്ലിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. റവന്യൂ വകുപ്പിലെ മറ്റു പദ്ധതികൾക്കായി ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും.സിൽവർലൈനിൽ കേന്ദ്ര സര്‍ക്കാർ നിലപാട് വന്നതിനുശേഷം ജീവനക്കാരെ പദ്ധതിക്കായി നിയോഗിക്കാമെന്നാണ് സർക്കാർ തലത്തിലെ തീരുമാനം. സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുകയാണെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ–റെയിൽ അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാരിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. കെ–റെയിൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫിസ് വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതിയിൽ അനിശ്ചിതത്വം ഉണ്ടായതോടെ വായ്പ എടുക്കൽ പദ്ധതികളിൽനിന്ന് സിൽവർലൈൻ തൽക്കാലത്തേക്കു പിൻമാറിയിരുന്നു. ഹഡ്കോ വാഗ്ദാനം ചെയ്ത 3000 കോടി വായ്പയുടെ അംഗീകാരപത്രം പുതുക്കിയില്ല. റെയില്‍വേ ഫിനാൻസ് കോർപറേഷൻ നൽകാമെന്നേറ്റ വായ്പയും സ്വീകരിച്ചില്ല. ജൈക്ക പദ്ധതി ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതികളിൽനിന്ന് സിൽവർലൈനെ കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ ഒഴിവാക്കിയിരുന്നു. 63,941 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. കേന്ദ്ര റെയിൽ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അനുമതി ലഭിച്ചതിനെ തുടർന്നാണ് പ്രാഥമിക ഭൂമി ഏറ്റെടുക്കാൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോയത്.