തിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് (Treatment Expense) പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായിട്ടുണ്ട്. കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴും പൊലീസുകാര്‍ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും കേരള പൊലീസ് അസോസിയേഷന്‍ പറഞ്ഞിരുന്നു.
വിവരം സര്‍ക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാചെലവ് പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്. പൊലീസിനെതിരെ അക്രമം ഉണ്ടായ പശ്ചാത്തലത്തില്‍ സേനയ്ക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഡി വൈ എസ്പിമാരും എസ് എച്ച് ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ തൊഴിലാളികള്‍ക്ക് നല്‍കണം.