തിരുവനന്തപുരം : പിസി ജോർജിനെ പിണറായി സർക്കാർ കുരിശിലേറ്റിയിരിക്കുകയാണെന്നും മൂന്നാംതീയതി അദ്ദേഹം ഉയർത്തെഴുന്നേൽക്കുമെന്നും തൃക്കാക്കരയില എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. ജോർജ് വന്നതോടെ സാഹചര്യങ്ങൾ വീണ്ടും തനിക്ക് അനുകൂലമായി മാറി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും യൂദാസുകളാണ്. ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ഓരോ തവണയും വോട്ട് വിഹിതം കൂട്ടിയ പാരമ്പര്യമാണ് ബിജെപിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവർക്കിടയിലെ മുസ്ലിംവിരുദ്ധ വികാരം മുതലെടുക്കാൻ പി.സി. ജോർജിന്റെ അറസ്റ്റിനെ ആയുധമാക്കുകയാണ് ബി.ജെ.പി. പി.സി. ജോർജിന്റെ സാന്നിദ്ധ്യത്തിൽ ഇന്നത്തെ പ്രചാരണം തകർക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. എന്തായാലും വിവിധ വിഷയങ്ങളില്‍ ഇന്നും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരും. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേസമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികള്‍ക്ക്.
ജനവികാരം ബിജെപിക്ക് അനുകൂലമാണെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. പിസി ജോർജ് പറയുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുകളെയും ക്രൈസ്തവരെയും ഇസ്ലാംമത ഭീകരവാദികൾ ലക്ഷ്യം വെച്ചിരിക്കുകയാണ്. ലോകത്തിലെ ക്രൈസ്തവ രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അതേ പരീക്ഷണം കേരളത്തിൽ നടത്താനാണ് ശ്രമം. മതഭീകരവാദികൾ എന്ത് ചെയ്താലും കുഴപ്പമില്ലെന്ന നിലപാടാണ് സർക്കാരും യുഡിഎഫും സ്വീകരിക്കുന്നത്. ഇത് തൃക്കാക്കരയിലെ ജനങ്ങൾ ചർച്ച ചെയ്യും. പാലാ ബിഷപ്പിനെ സതീശനും പിണറായിയും കടന്നാക്രമിച്ചത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു. താൻ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്തിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ ആ സമുദായത്തെ അപ്പാടെ അപമാനിച്ചെന്ന് വരുത്തിത്തീർത്ത് വോട്ട് തട്ടാനാണ് ഇരു മുന്നണികളുടെയും ശ്രമം. ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ തന്റെ അറസ്റ്റ്. ഇപ്പോൾ മുളച്ചുപൊങ്ങിയ ചെറു പാർട്ടികൾ പിണറായിയുടെ ബി ടീമാണ്. സുറിയാനി വീടുകളിൽ റോഷി അഗസ്റ്റിനും ലാറ്റിൻ ക്രിസ്ത്യൻ വീടുകളിൽ ആന്റണി രാജുവും ഈഴവവീടുകളിൽ മണിയാശാനും മുസ്ലിം വീടുകളിൽ മുഹമ്മദ് റിയാസുമാണ് കയറിയിറങ്ങുന്നത്. ജോതി നോക്കിയാണ് ഇടതുപക്ഷം വോട്ട് പിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.