തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രതിരോധ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിലെ ഭക്ഷ്യവസ്തുക്കളുടെ ശേഖരം, ഗുണനിലവാരം തുടങ്ങിയവ പരിശോധിക്കും. പഴയ സ്റ്റോക്ക് ഇല്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. നാളെ ഭക്ഷ്യമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും.
കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കായംകുളത്തും കൊല്ലം ഉച്ചക്കടയിലുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ അന്വേഷണം നടത്താന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു കെ ഐ എ എസിനാണ് അന്വേഷണ ചുമതല. സ്‌കൂളില്‍ നിന്നും കഴിച്ചത് കൂടാതെ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിച്ച കുട്ടികളും സ്‌കൂളില്‍ വരാത്ത കുട്ടികളും അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.
ചികിത്സ തേടിയ കുട്ടികള്‍ക്ക് ആര്‍ക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക. തേസമയം സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.