തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിച്ചില്ല. ചൊവ്വാഴ്ച ഉച്ചക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ സൽക്കാരം. ഗവർണർ കഴിഞ്ഞ ദിവസം നടത്തിയ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. സർക്കാറും ഗവർണറും തമ്മിൽ കടുത്ത ഭിന്നത തുടരുന്നതിനിടെയാണിത്.
ഡൽഹിയിലുള്ള ഗവർണർ ചൊവ്വാഴ്ച കോഴിക്കോട്ടെത്തും. തിങ്കളാഴ്ച വൈകീട്ട് വരെ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള സർക്കാർ കത്ത് രാജ്ഭവനിൽ ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ ഗവർണറെ ക്ഷണിക്കുമ്പോൾ തീയതി നേരത്തേ അറിയിക്കാറുണ്ട്. ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ല. ഔദ്യോഗിക പരിപാടിയല്ലെന്ന വിശദീകരണം സർക്കാർ വൃത്തങ്ങൾ നൽകുന്നു. മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും മതമേലധ്യക്ഷരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.