തിരുവനന്തപുരം: മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രേരക്മാരുടെ അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ മിഷന് കൊടുക്കാനുള്ള തുകയും മുഴുവൻ നൽകി കഴിഞ്ഞെന്നാണ് ധനവകുപ്പ് പറയുന്നത്. ഇതിനിടെ മതിയായ ഫണ്ട് കണ്ടെത്താതെ പ്രേരകുമാരുടെ ശമ്പളം അഞ്ചിരട്ടി കൂട്ടിയ സാക്ഷരതാ മിഷന്റെ നടപടിയാണ് കനത്ത സാമ്പത്തിക ബാധ്യതക്ക് ഇടയാക്കിയതെന്നാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിലയിരുത്തൽ.
ആറ് മാസമായി ശമ്പളമില്ല, അതാത് മാസത്തെ പ്രകടനം വിലയിരുത്തി ശമ്പളം കണക്കാക്കുന്ന രീതിയും ഇടക്കിടെ മുടങ്ങിയും കിട്ടിയും വ്യവസ്ഥയില്ലാതെ മുന്നോട്ട് പോകുന്ന ശമ്പള ഘടനയും. പ്രേരകുമാര്‍ അനുഭവിക്കുന്ന അനിശ്വിതത്വത്തിനാകെ പഴി അവസാനം ചെന്ന് നിൽക്കുന്നത് സാക്ഷരതാ മിഷന്റെ ദീര്‍ഘവീക്ഷണമില്ലാത്ത ഇടപെടുകളിലാണ്. 2017 ൽ അന്നത്തെ ഡയറക്ടറായിരുന്ന പിഎസ് ശ്രീകലയാണ് പ്രേരകുമാരുടെ ശമ്പളം അഞ്ചിരട്ടി കൂട്ടിയത്. ഓണറേറിയം നൽകാൻ സാക്ഷരതാ മിഷന് പരമാവധി ചെലവഴിക്കാൻ കഴിയുന്നത് എട്ട് കോടിയായിരുന്നെങ്കിൽ ശമ്പള വര്‍ദ്ധനയോടെ അത് കുത്തനെ കൂടി 18 കോടിയായി. ഫണ്ട് കണ്ടെത്താൻ മറ്റ് വഴികളൊന്നുമില്ല. കേന്ദ്ര സംസ്ഥാന പദ്ധതികളിൽ നിന്ന് സമാഹരിക്കുമെന്ന ഒഴുക്കൻ പ്ലാനാണ് ഉത്തരവിൽ പറയുന്നത്. ഫീസിനത്തിൽ പിരിഞ്ഞു കിട്ടുന്ന തുകയും വിവിധ പദ്ധതികൾക്ക് കിട്ടുന്ന ഗ്രാന്‍റ് അടക്കം മിഷന്റെ വരുമാനം പരമാവധി ഏഴ് കോടി രൂപയാണ്.
അധ്യാപകര്‍ക്കുള്ള ഓണറേറിയം മുതൽ പുസ്തകമിറക്കലും പരീക്ഷ നടത്തിപ്പും വരെ എല്ലാം അതുകൊണ്ട് നടക്കണമെന്ന അവസ്ഥയിലാണ് ശമ്പള വര്‍ധനയുടെ പേരിലുള്ള അധിക ബാധ്യത കൂടി വരുന്നത്. കൊവിഡ് കാലമായതോടെ ഗ്രാന്റുകൾ മുടങ്ങിയതും കരുതൽ ശേഖരമായി ഉണ്ടായിരുന്ന 27 കോടിയും ചെലവഴിച്ച് തീരുകയും ചെയ്തതോടെ മിഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തദ്ദേശ വകുപ്പിലേക്ക് പ്രേരക്മാരുടെ പുനര്‍ വിന്യാസം നടക്കാതിരിക്കുന്നതിനുള്ള കാരണം പോലും ഈ അധിക ബാധ്യത ആര് ഏറ്റെടുക്കും എന്ന ചോദ്യത്തിൽ തട്ടിയാണ്. പ്രതിസന്ധി കനത്തതോടെ സാക്ഷരതാ മിഷന് ധനവകുപ്പ് ഇപ്പോൾ അനുവദിച്ച നാല് കോടി രൂപ മൂന്ന് മാസത്തെ ശമ്പളത്തിന് മാത്രമെ തികയു എന്ന അവസ്ഥയിലാണ്.