കോഴിക്കോട് : കുട്ടനാടിലെ കര്‍ഷകനായ പ്രസാദിന്‍റെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. ഒരു ഭാഗത്ത് ധൂർത്തിന് സർക്കാറിന് പണമുണ്ട്. എന്നാല്‍ കർഷകർക്ക് നയാപൈസ നൽകുന്നില്ല. കർഷക കുറ്റപത്രം സർക്കാറിനെതിരെ യുഡിഎഫ് തയ്യാറാക്കും. കർഷകന്റെ യഥാർത്ഥ അവസ്ഥയാണ് പ്രസാദ് അവസാനമായി പറഞ്ഞത്. ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരാണ്. പ്രസാദിന്‍റെ വാക്കുകൾ മരണ മൊഴിയായി സ്വീകരിച്ച് സർക്കാറിനെതിരെ കേസ് എടുക്കണം. തികഞ്ഞ അനീതിയാണ് കർഷകരോട് സർക്കാർ കാണിക്കുന്നത്.
അന്നമൂട്ടുന്ന കർഷകന് സർക്കാർ നൽകുന്നത് കൊലക്കയറാണ്. അതിന്‍റെ ഒടുവിലത്തെ ഇരയാണ് പ്രസാദ്. കേരളത്തിലെ കർഷകർക്ക് പിആര്‍എസ് ഷീറ്റ് കൊടുക്കുന്നു. പിആര്‍എസ് ഷീറ്റുമായി ബാങ്കിൽ പോയാൽ പണം കിട്ടുന്നില്ല. വായ്പയും നൽകുന്നില്ല. ഇതിൽ ഒന്നാം പ്രതി സർക്കാറും രണ്ടാം പ്രതി ബാങ്കുമാണ്. ബാങ്കുകളുമായി ധാരണ ഉണ്ടാക്കിയെങ്കിൽ സർക്കാർ ഇക്കാര്യം വ്യക്തമാക്കണം. ഇതിന് മുൻപ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. കർഷക കടാശ്വാസ കമ്മീഷന്റെ അവാർഡ് തുക സർക്കാർ കൊടുക്കുന്നില്ല. അതിനാൽ കമ്മീഷൻ സിറ്റിങ് പോലും നടന്നില്ല. കമ്മീഷനെ സർക്കാർ വന്ധ്യകരിച്ചുവെന്നും ടി സിദ്ദീഖ് ആരോപിച്ചു.