തിരുവനന്തപുരം: സ്കൂളുകളുടെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രേഡിങ് സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് അധ്യാപക സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ധന്മാർ, ജനാധിപത്യ പ്രസ്ഥാനങ്ങൾ, യുവജന സംഘടനകൾ തുടങ്ങിയവരുമായി ചർച്ച നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് വി ശിവൻകുട്ടി. ഓരോ സ്‌കൂളിനെയും വിലയിരുത്തി ഗ്രേഡിങ് രേഖപ്പെടുത്താനും ഭാവി പ്രവർത്തനങ്ങൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യാനുമാകണം. ഇക്കാര്യത്തിൽ അധ്യാപകരിൽ വലിയ ഉത്തരവാദിത്തമാണ് വന്നുചേരുന്നത്. കാഞ്ഞങ്ങാട് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവൻകുട്ടി.
ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ കർമ്മസമിതി രൂപീകരിച്ചു. പൊതു വിദ്യാഭ്യാസ രംഗത്തെ ഏകീകരണ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ 7 വർഷം കൊണ്ട് മൂവായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടന്നത്. ആ റെക്കോർഡ് സാദ്ധ്യമാക്കിയത് പൊതുവിദ്യാഭ്യാസ ധാരയോടുള്ള ഇടതുപക്ഷ സർക്കാരുകളുടെ പ്രതിബദ്ധത ഒന്നു കൊണ്ട് മാത്രമാണ്.
10,475 തസ്തികകളിൽ പി.എസ്.സി. വഴി അധ്യാപക നിയമനങ്ങൾ നടത്താൻ കുറഞ്ഞ കാലം കൊണ്ട് സർക്കാരിനായി. 1,555 പ്രൈമറി അധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായി നിയമനം നൽകാനായി. വിവിധ വിഭാഗങ്ങളിൽ 162 സ്‌പെഷ്യൽ ടീച്ചേഴ്‌സിനെ നിയമിച്ചു. 2,227 അധ്യാപകർക്ക് പ്രൊമോഷൻ നൽകി. നാലു ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകി. മലയോര – പിന്നാക്ക മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠന വിടവ് പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ നൽകി. വിദ്യാ കിരണം പദ്ധതി വഴി 47,613 ലാപ്‌ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്‌ടോപ്പുകളും രണ്ടു വർഷത്തിനുള്ളിൽ നൽകി. 45,710 ഡിജിറ്റൽ ഉപകരണങ്ങൾ മലയോര – പിന്നാക്ക മേഖലകളിൽ വിതരണം ചെയ്തു.
പൊതു വിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് അധിക പിന്തുണയ്ക്കായി 1486 സ്‌പെഷ്യൽ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മാതൃഭാഷാ പഠനത്തിന് പ്രത്യേക ഊന്നൽ നൽകും. സ്‌കൂളുകൾ ലിംഗ സമത്വം എന്ന ആശയം മുൻ നിർത്തി ഈ ഗവൺമെന്റ് നിലവിൽ വന്ന ശേഷം 18 – ബോയ്‌സ് ഗേൾസ് സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകൾ ആക്കി. അധ്യാപക നിയമന അംഗീകാരം ഓൺലൈനിലേക്ക് മാറുന്നതിനുള്ള പ്രവർത്തനം തുടരുകയാണ്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 120 ലധികം സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.
ട്രൈബൽ മേഖലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രഥമ അധ്യാപകർക്കും പ്രത്യേക വിദ്യാഭ്യാസ മാനേജ്‌മെന്റ്പരിശീലനം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ കോടതി ഉത്തരവുപ്രകാരം അർഹരായ ഭിന്നശേഷിക്കാരെ നിയമിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. 665 എച്ച്.എം., എ. ഇ. ഒ. പ്രമോഷനുകൾ നടത്തി. ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പ് കൃത്യമാക്കുന്നതിന് 16 വർഷത്തിനു ശേഷം പുതിയ പരീക്ഷാ മാനുവൽ കൊണ്ടു വന്നു.
പി.എസ്.സി.യിലൂടെ ഹയർ സെക്കൻഡറിയിൽ 2,356 പുതിയ അധ്യാപക നിയമനങ്ങൾ നടത്തി. 262 ഹയർ സെക്കന്ററി അധ്യാപകർക്കും 130 ഹെഡ് മാസ്റ്റർമാർക്കും പ്രമോഷൻ വഴി പ്രിൻസിപ്പൽ നിയമനങ്ങൾ നൽകി. 237 ജൂനിയർ അധ്യാപകർക്ക് സീനിയറായി പ്രമോഷൻ നൽകി.429 ബൈ ട്രാൻസ്ഫർ പ്രമോഷൻ നിയമനങ്ങൾ ഹയർസെക്കൻഡറിയിൽ നടത്തി. വി.എച്ച്.എസ്.ഇ. യിൽ പ്രവർത്തി ദിനം അഞ്ച് ദിവസമാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. അത് നടപ്പിലാക്കാനായി. സംസ്ഥാനത്തെ ഇരുന്നൂറ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് വഴി എൺപതിനായിരം റോബോട്ടിക് കിറ്റുകൾ കുട്ടികൾക്കായി വിന്യസിച്ചു.പന്ത്രണ്ട് ലക്ഷം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വി.എച്ച്.എസ്.ഇ കോഴ്‌സ് പാസായ വിദ്യാർത്ഥികൾക്ക് വേണ്ടി തൊഴിൽ മേളകൾ സംഘടിപ്പിക്കുകയും കഴിഞ്ഞ രണ്ട് വർഷം കൊണ്ട്മൂ വായിരത്തോളം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു. എൻ.എസ്.ക്യു.എഫ്. ജോബ് റോളുകൾ വിദ്യാർത്ഥികൾക്ക് പെട്ടെന്ന്മ നസിലാക്കുന്നതിന് വേണ്ടി ഡിജിറ്റലൈസ് ചെയ്ത് വിദ്യാലയങ്ങൾക്ക് നൽകി. വിദ്യാലയ മികവുകൾ പങ്കു വെക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസൺ ആരംഭിച്ചു. മാർച്ച് രണ്ടിന് ഇത് പൂർത്തിയാകും.
ഹയർ സെക്കൻഡറി അധ്യാപക ശാക്തീകരണ പരിപാടി എച്ച്.എസ്.എസ്.ടി.പി പുനരാരംഭിച്ചു. 35 ബാച്ചുകളിൽ 1351 പേർക്ക് പരിശീലനം
നൽകി. ഈ അധ്യയന വർഷം മാർച്ച് ആറിന് മുമ്പ് 5 ബാച്ചുകൾക്ക് കൂടി പരിശീലനം നൽകും. പുതുതായി പി.എസ്.സി. നിയമനം ലഭിച്ച അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ നവ അധ്യാപക പരിശീലനം നൽകി എച്ച്.എസ്.എസ്.ടി.പി. മാതൃകയിൽ ഒന്നു മുതൽ പത്തു വരെയുള്ള അധ്യാപകർക്കും റസിഡൻഷ്യൽ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വകുപ്പിന്റെ കാര്യക്ഷമത വർമിപ്പിക്കുന്നതിന് 8000 പ്രഥമ അധ്യാപകർക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി പരിശീലനം നൽകി.
കെ-ടെറ്റ് പരീക്ഷ ഇനിയും പാസ്സാകാതെ നിൽക്കുന്ന അധ്യാപകർക്ക് ഒരു അവസരം കൂടി സർക്കാർ നൽകുകയാണ്. തസ്തിക നിർണ്ണയ നടപടികൾ അവസാന ഘട്ടത്തിലാണ്. 6005 പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടി വരും. ഇത് അധ്യാപകർക്ക് ജോലിഭാരം കുറയ്ക്കുകയും പുതുതലമുറ അധ്യാപകർ വിദ്യാഭ്യാസ ശ്രേണിയിലേക്ക് കടന്നു വരാൻ കാരണമാകും. തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 എന്നാക്കിയത് അധ്യാപകരുടെ ആവശ്യം കണക്കിലെടുത്ത് തന്നെയാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.