ഹാലോൾ (ഗുജറാത്ത്): ചൂതാട്ട കേസിൽ ബി.ജെ.പി എം.എൽ.എ കേസരിസിൻഹ് സോളങ്കി ഉൾപ്പെടെ 26 പേർക്ക് രണ്ടുവർഷം കഠിന തടവും പിഴയും. ഖേദ ജില്ലയിലെ മതാർ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോളങ്കിയടക്കമുള്ള പ്രതികൾക്ക് 3,000 രൂപ വീതം പിഴയും പഞ്ച്മഹൽ ജില്ലയിലെ ഹാലോൾ അഡീഷനൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രേം ഹൻസ് രാജ് സിങ് വിധിച്ചു.
പഞ്ച്മഹൽ ജില്ലയിലെ ശിവജ്പുരിലെ റിസോർട്ടിൽ രാത്രി ചൂതുകളിക്കുന്നതിനിടെ 2021 ജൂലൈ ഒന്നിനാണ് സോളങ്കിയും ഏഴ് സ്ത്രീകളുമുൾപ്പെടുന്ന സംഘം പിടിയിലായത്. സംഘത്തിലെ വനിതകളിൽ നാല് പേർ നേപ്പാളികളാണ്. റെയ്ഡിനിടെ പ്രതികളിൽനിന്ന് 3.9 ലക്ഷം രൂപ, എട്ട് വാഹനങ്ങൾ, 25 മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. 2014ലെ ഉപതെരഞ്ഞെടുപ്പിൽ മതാർ മണ്ഡലത്തിൽനിന്ന് വിജയിച്ച സോളങ്കി 2017ൽ സീറ്റ് നിലനിർത്തുകയായിരുന്നു.