അഹമ്മദാബാദ്: ലിവ് ഇൻ പങ്കാളിയെ അവരുടെ ഭർത്താവ് അനധികൃതമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് നൽകി ഹേബിയസ് കോർപസ് ഹരജി സുപ്രീംകോടതി തള്ളി. യുവാവിന് 5000 രൂപ പിഴയും ഈടാക്കി. ഗുജറാത്ത് ഹൈകോടതിയിലാണ് സംഭവം. ജസ്റ്റിസ് വിപുൽ എം. പഞ്ചോലി, ജസ്റ്റിസ് ഹേമന്ത് എം. പ്രച്ഛക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് തീരുമാനം.
‘ഹരജിക്കാരൻ ഇതുവരെയും യുവതിയെ വിവാഹം ചെയ്തിട്ടില്ല. യുവതിയും പ്രതിയും തമ്മിൽ വിവാഹമോചിതരായിട്ടുമില്ല. അതിനാൽ യുവതിയെ പ്രതി നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചുവെന്ന് ആരോപിക്കാനാവില്ല. ലിവ് ഇൻ ബന്ധത്തിന്റെ കരാർ പ്രകാരം ഇത്തരമൊരു ഹരജി നൽകാൻ ഹരജിക്കാരന് സാധിക്കില്ലെ’ന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതിയെ അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം നടത്തുകയും പിന്നീട് യുവതി ഭർതൃഗൃഹം വിട്ട് തനിക്കൊപ്പം താമസിക്കുകയുമായിരുന്നെന്നാണ് ഹരജിക്കാരന്റെ വാദം. ലിവ് ഇൻ ബന്ധത്തിലെ കരാറും ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
എന്നാൽ യുവതി ഭർത്താവിന്റെ കസ്റ്റഡിയിലാണെങ്കിൽ പോലും അതിനെ അനധികൃത കസ്റ്റഡി എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഈ വാദം അംഗീകരിച്ച കോടതി, നിലവിലെ അവസ്ഥയിൽ ഹരജി തള്ളുന്നുവെന്നും ഹരജിക്കാരൻ ആറാഴ്ചക്കുള്ളിൽ ഗുജറാത്ത് ലീഗൽ സർവീസ് അതോറിറ്റിയിൽ 5000 രൂപ അടക്കണമെന്നും നിർദേശിച്ചു.