ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തിൽ അറസ്റ്റിലായ ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്കു ജാമ്യം. ജിഗ്നേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ കോടതി ഇന്നലെ ഒപ്പുവച്ചിരുന്നു.ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിനാണ് ജിഗ്നേഷിനെ ഗുജറാത്തിലെ പലാൻപുരിൽനിന്ന് അസം പൊലീസ് അറസ്റ്റു ചെയ്തെന്നാണ് ജിഗ്നേഷിന്റ അനുയായികൾ പറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30നാണു പാലംപുരിൽ നിന്ന് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അഹമ്മദാബാദിലെത്തിച്ച് അവിടെ നിന്ന് പുലർച്ചെ വിമാനത്തിൽ അസമിലെത്തിച്ചു.
കഴിഞ്ഞ 18നു കുറിച്ച ട്വീറ്റുകൾക്കെതിരെ അസമിലെ ബിജെപി നേതാവ് അരൂപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ, സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു.
ബിജെപിയും ആർഎസ്എസും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് ജിഗ്നേഷ് മാധ്യമങ്ങളോടു പറഞ്ഞു. ‘അവരെന്റെ പ്രതിച്ഛായ തകർക്കാനാണ് ശ്രമിക്കുന്നത്. ആസൂത്രിതമായാണ് അവരിതു ചെയ്യുന്നത്. അവരിത് രോഹിത് വെമുലയോടും ചന്ദ്രശേഖർ ആസാദിനോടും ചെയ്തു, ഇപ്പോൾ അവർ എന്നെ ലക്ഷ്യം വയ്ക്കുകയാണ്’– ജിഗ്നേഷ് മേവാനി പറഞ്ഞു.