റിയാദ്: സൗദി അറേബ്യയിൽ സിനിമാ വ്യവസായത്തിന് വൻ കുതിപ്പ്. രാജ്യത്ത് സിനിമാനിർമാണവും പ്രദർശനവും പുനരാരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ ഈ വ്യവസായരംഗത്തെ മൊത്തം വിറ്റുവരുമാനം 53.5 കോടി റിയാൽ കവിഞ്ഞെന്ന് ദ ജനറൽ കമീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (ജി.സി.എ.എം) അറിയിച്ചു. സൗദിയിലെ സാമൂഹിക ജീവിതത്തിെൻറ അവിഭാജ്യ ഘടകമായി സിനിമ മേഖല വളർന്നുവന്ന കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു കോടിയിലധികം സിനിമ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 35 വർഷത്തെ നിരോധനത്തിനൊടുവിൽ 2018 ഏപ്രിൽ 18 നാണ് സൗദി അറേബ്യയിൽ സിനിമാപ്രദർശനം പുനരാരംഭിച്ചത്. റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സിറ്റിയിലെ എ.എം.സി സിനിമ തിയേറ്ററിൽ ബ്ലാക്ക് പാന്തർ എന്ന സിനിമയുടെ പ്രദർശനത്തോടെയായിരുന്നു സൗദിയിലേക്ക് സിനിമയുടെ മടങ്ങി വരവ്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘സൗദി വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നല്ല വേഗത്തിലാണ് സിനിമാ വ്യവസായവും വളരുന്നതെന്ന് കമീഷൻ വ്യക്തമാക്കി. സൗദിയിലുള്ള 69 സിനിമാ തിയേറ്ററുകളിലെ സീറ്റുകളുടെ എണ്ണം 64,000 കവിഞ്ഞു.
രാജ്യത്തെ 20 ലധികം നഗരങ്ങളിലായി ഏഴ് അന്താരാഷ്ട്ര കമ്പനികളാണ് സിനിമാ തിയേറ്ററുകൾ ഓപറേറ്റ് ചെയ്യുന്നത്. വോക്സ് സിനിമാസും മൂവി സിനിമാസുമാണ് ഇതിൽ പ്രധാന എക്സിബിറ്റേഴ്സ്. ഇതിനകം സൗദിയിൽ നിർമിച്ച 33 ലേറെ സിനിമകളും പ്രദർശനത്തിനെത്തി. സൗദി സിനിമകളുടേതായി മാത്രം 12 ലക്ഷത്തിലധികം ടിക്കറ്റുകൾ വിൽക്കുകയും വരുമാനം 8.4 കോടി റിയാൽ കവിഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.