കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരാണ് പിടിയിലായത്. സബ്‌സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അധികൃതരുടെ അനുമതിയില്ലാതെ രാജ്യത്ത് സബ്‌സിഡിയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. അല്‍ സൂര്‍, സുലൈബിയ പ്രദേശങ്ങളിലാണ് ഇവര്‍ ഡീസല്‍ വില്‍പ്പന നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.അതേസമയം അനധികൃത മദ്യനിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും നടത്തിയ നിരവധി പ്രവാസികളെ കുവൈത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്.
ഒരു അറബ് വംശജനും ഒരു ഏഷ്യക്കാരനുമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 206 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. അനധികൃത മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട ഒമ്പത് പ്രവാസികളെ കൂടി അധികൃതര്‍ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് അറസ്റ്റിലായത്. അതേസമയം പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി രണ്ട് പേരെ അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടി. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.