റിയാദ്: വിമാന സര്‍വീസ് ആറു മണിക്കൂറിലേറെ വൈകിയാല്‍ യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. പുതിയ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 750 റിയാലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികള്‍ നല്‍കണമെന്ന് പഴയ നിയമാവലിയില്‍ ഉറപ്പുവരുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ നിയമാവലിയില്‍ 750 റിയാല്‍ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്. സര്‍വീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും.