റിയാദ്: കുട്ടികളുടെ കടലാസ് രൂപത്തിലുള്ള വാക്‌സിനേഷൻ കാർഡ് എത്രയുംവേഗം ഡിജിറ്റൽ കാർഡാക്കി മാറ്റണമെന്ന അറിയിപ്പ് ആവർത്തിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പേപ്പർ വാക്‌സിനേഷൻ കാർഡ് ഡിജിറ്റലാക്കിയാൽ കൈമോശം വരാതിരിക്കാനും എക്കാലവും സുരക്ഷിതമായി സൂക്ഷിക്കാനും കാർഡ് ആവശ്യമുള്ളപ്പോഴെല്ലാം എളുപ്പത്തിൽ ലഭ്യമാക്കാനും സഹായിക്കും. വാക്സിനേഷൻ കാർഡ് ഡിജിറ്റലാക്കി മാറ്റൽ സ്കൂളുകളിലെ ഫിറ്റ്നസ് പരീക്ഷയുമായി ബന്ധിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.എല്ലാ ദിവസവും രാവിലെയും വൈകീട്ടും ക്ലിനിക്കുകളിലെത്തി കുട്ടികളുടെ വാക്സിനേഷൻ നടത്താനും ഡിജിറ്റലാക്കി മാറ്റാനും സൗകര്യമുണ്ട്. കുട്ടികളുടെ പേപ്പർ വാക്‌സിനേഷൻ കാർഡുകൾ ഡിജിറ്റൽ കാർഡുകളാക്കി മാറ്റണമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ആരംഭിച്ച സേവനമാണിത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ക്ലിനിക്ക് വഴിയോ മൈ ഹെൽത്ത് ആപ്പ് വഴി സ്വയം രജിസ്‌റ്റർ ചെയ്‌തുകൊണ്ടോ എപ്പോൾ വേണമെങ്കിലും കാണാനും റഫർ ചെയ്യാനും സാധിക്കും.
ആരോഗ്യ ഡിജിറ്റൽ പരിവർത്തനത്തിെൻറയും പൗരന്മാർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ സുഗമമാക്കുന്നതിെൻറയും ഭാഗമായാണ് ഈ സേവനം മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.നിലവിൽ പേപ്പർ വാക്സിനേഷൻ കാർഡുള്ളവർ വാക്സിനേഷൻ ക്ലിനിക്കിൽ ഒരു അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യുന്നതിലൂടെ കുട്ടികളുടെ വാക്സിനേഷൻ കാർഡ് വേഗത്തിൽ ഇലക്ട്രോണിക് കാർഡ് ആക്കി മാറ്റാനും സർട്ടിഫിക്കറ്റ് മൈ ഹെൽത്ത് ആപ്ലിക്കേഷനിൽ കാണാനും സാധിക്കുന്നതാണ്. രാജ്യത്തിലെ വ്യക്തികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി അടുത്തിടെ ആരോഗ്യ മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷനാണ് ‘മൈ ഹെൽത്ത്’ എന്നത്. ഒരോരുത്തർക്കും ആരോഗ്യ വിവരങ്ങൾ ആക്‌സസ് ചെയ്യാനും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ നൽകുന്ന നിരവധി ആരോഗ്യ സേവനങ്ങൾ നേടാനും ഇത് ഉപയോക്താവിനെ അനുവദിക്കുന്നു.