കൊച്ചി: കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ എറണാകുളം പാലക്കുഴ അർച്ചന ഭവനിൽ ഡോ. മായ രാജിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഗർഭപാത്രം നീക്കം ചെയ്‌ത യുവതിയുടെ തുടർ ചികിത്സക്ക് കൈക്കൂലി വാങ്ങിയ തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മായ രാജിനെ ഡിസംബർ 22നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ.
യുവതിക്ക് ഡിസംബർ 19 ന് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയശേഷം കൈക്കൂലി നൽകാത്തതിനാൽ ഡോ. മായ ഇവരെ പരിശോധിക്കാൻ തയാറായില്ലെന്നാണ് പരാതി. യുവതിയുടെ ഭർത്താവിന്‍റെ പരാതിയിൽ വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഡോക്ടർ പിടിയിലായത്.
വിജിലൻസിനെ തെറ്റിദ്ധരിപ്പിച്ചാണ് കേസ് എടുപ്പിച്ചതെന്നും ഡിസംബർ 22 മുതൽ കസ്റ്റഡിയിലാണെന്നുമായിരുന്നു ഡോക്ടറുടെ വാദം. ഹരജിയിൽ അന്വേഷണത്തിന്‍റെ പുരോഗതിയടക്കമുള്ള ഘടകങ്ങൾ വിലയിരുത്തി ജസ്റ്റിസ് കെ. ബാബുവിന്‍റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.