ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ ഹാജരാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹേബിയസ് കോർപസ് ഹരജിയിൽ ഭിന്ന വിധിയുണ്ടായ സാഹചര്യത്തിൽ, ഹരജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റണമെന്ന് മദ്രാസ് ഹൈകോടതിയോട് നിർദേശിച്ച് സുപ്രീംകോടതി.
ബാലാജിയുടെ ഹരജിയിൽ പുതിയ ബെഞ്ച് ഉടൻ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ, ജസ്റ്റിസുമാരായ ജെ. നിഷ ബാനു, ഡി. ഭരതചക്രവർത്തി എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച വ്യത്യസ്ത വിധികളായിരുന്നു പുറപ്പെടുവിച്ചിരുന്നത്.