ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പിനെതിരെ വൻ സൈബറാക്രമണം. തമാശയ്ക്ക് കമ്പനിയുടെ നെറ്റ് വർക്കിലെ ഡാറ്റ മുഴുവൻ നീക്കം ചെയ്തുവെന്ന അവകാശ വാദവുമായി ഹാക്കർമാർ രംഗത്തെത്തി. ബിബിസിയെയാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാമിലൂടെയാണ് ഹാക്കർമാർ ഇക്കാര്യം ബിബിസിയെ അറിയിച്ചത്. വിയറ്റ്നാമിൽ നിന്നുള്ള ദമ്പതിമാരാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഒരു റാൻസംവെയർ ആക്രമണത്തിനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ആ ശ്രമം പരാജയപ്പെട്ടതിനാൽ ഹോട്ടൽ ശൃംഖലയുടെ തന്നെ മുഴുവൻ ഡാറ്റയും നീക്കം ചെയ്തെന്നും അവർ പറഞ്ഞു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർകോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പിന്റെ (ഐഎച്ച്ജി) ഉടമസ്ഥതയിൽ കേരളത്തിലടക്കം നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഹോളിഡേ ഇൻ, ക്രൗൺ പ്ലാസ ഉൾപ്പടെ 6000 ഹോട്ടലുകൾ അതിലുൾപ്പെടുന്നതാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോട്ടലുകളുടെ ബുക്കിങും ചെക്ക്-ഇന്നും സംബന്ധിച്ച് പരാതികൾ ലഭിച്ചു തുടങ്ങിയത്. ഇതോടെ സിസ്റ്റം അറ്റക്കുറ്റപ്പണിയിലാണ് എന്ന അറിയിപ്പുമായി കമ്പനി രംഗത്തെത്തി. ഇന്നാണ് ഹാക്ക് ചെയ്യപ്പെട്ട കാര്യം കമ്പനി മറ്റുള്ളവരെ അറിയിച്ചു. ബുക്കിങ് ചാനലുകളുടെയും മറ്റ് ആപ്ലിക്കേഷനുകളുടെയും പ്രവർത്തനം ഇതോടെ തടസപ്പെട്ടുവെന്ന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ ഔദ്യോഗിക നോട്ടീസിൽ കമ്പനി പറഞ്ഞു.ടീപീ (TeaPea) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കർമാരാണ് എൻക്രിപ്റ്റഡ് മെസേജിങ് ആപ്പായ ടെലഗ്രാമിലൂടെ ബിബിസിയ്ക്ക് മെസെജയച്ചത്. കൂടാതെ ഹാക്ക് ചെയ്തതിനുള്ള തെളിവായി കുറച്ച് സ്‌ക്രീൻഷോട്ടുകളും ടീപീ പങ്കുവെച്ചു. ഉടനെ തന്നെ കമ്പനിയുടെ ഐടി ടീം ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. തമാശയ്ക്കാണ് കമ്പനിയുടെ എല്ലാ ഡാറ്റയും നീക്കം ചെയ്തതെന്ന് ഹാക്കർമാർ അറിയിച്ചു.
റാൻസം വെയർ ആക്രമണം നടത്തിയത് ഐടി ടീം തങ്ങളെ തോൽപ്പിച്ചതിന്റെ ദേഷ്യത്തിൽ നടത്തിയതാണെന്ന് ഹാക്കർമാർ പറഞ്ഞു. എന്തായാലും ഐഎച്ച്ജിയുടെ ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആകുന്നുണ്ട്. വൈകാതെ പഴയ പോലെ ആകുമെന്നാണ് പ്രതീക്ഷ. ഉപഭോക്താവിന്റെ വിവരങ്ങളൊന്നും മോഷ്ടിച്ചിട്ടില്ലെന്നും ഹാക്കർമാർ അറിയിച്ചു. പക്ഷേ ഇ-മെയിൽ രേഖകൾ ഉൾപ്പെടെയുള്ള കുറച്ച് കോർപ്പറേറ്റ് ഡാറ്റകൾ തങ്ങളുടെ പക്കലുള്ളതായി ഹാക്കർമാർ പറഞ്ഞിട്ടുണ്ട്. കമ്പനിയിലെ ജീവനക്കാരന് മെയിൽ അയച്ചാണ് മാൽവെയർ ഇന്സ്റ്റാൾ ചെയ്തത്. പാസ്വേഡ് സ്ട്രോങ്ങല്ല എന്ന കാര്യവും ഹാക്കർമാർ അറിയിച്ചു. Qwerty1234 എന്നായിരുന്നു പാസ് വേഡെന്നും അത് ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നവയിൽ ഒന്നാണെന്നും ഹാക്കർമാർ അറിയിച്ചതായി ബിബിസി പറഞ്ഞു.