ടെൽ അവീവ് : ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 3555 കടന്നു. ഇസ്രയേലിൽ 1200 പേരും ഗാസയിൽ 1055 പേരും കൊല്ലപ്പെട്ടു. ഗാസയിലെ 200 ഇടങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നു. അതിനിടെ ഇസ്രയേലിൽ സർക്കാരും പ്രതിപക്ഷവും യോജിച്ച് യുദ്ധ അടിസ്ഥാനത്തിൽ ഐക്യസർക്കാർ രൂപീകരിച്ചു. ലെബനാനിൽ നിന്നും ആക്രമണം പ്രതീക്ഷിക്കുന്നതിനാൽ വടക്കൻ പ്രദേശങ്ങളിലെ പൗരന്മാരോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ഇസ്രയേൽ നിർദ്ദേശം നൽകി. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ദൗത്യമായ ഓപ്പറേഷൻ അജയ് ആരംഭിക്കും. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ അറിയിച്ചു. നിലവിൽ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ആദ്യമെത്തിക്കും.
കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. രണ്ട് ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടമായെന്ന് യുഎൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. 2.60 ലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു. കഴിഞ്ഞ രാത്രികളിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ആക്രമണമുണ്ടായി. നാല് അഭയാർത്ഥി ക്യാമ്പുകൾ തകർന്നു. അൽ കരാമയിൽ ഇസ്രയേൽ നിരോധിത ബോംബ് പ്രയോഗിച്ചെന്നും പലസ്തീൻ പറയുന്നു.