ഗസ്സ: തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് 224 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ ടെലിഗ്രാം അക്കൗണ്ടിലെ ഒരു പ്രസ്താവനയിൽ, ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി കൊല്ലപ്പെട്ട ബന്ദികളുടെ എണ്ണം ഏകദേശം 50 ആയി ഉയർന്നതായി കണക്കാക്കുന്നതായി ഖസ്സാം ബ്രിഗേഡ്സ് പറയുന്നു.
അതേസമയം, ഹമാസിന്റെ പ്രതിനിധി സംഘം റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സന്ദർശനം നടത്തുകയാണ്. മുതിർന്ന ഹമാസ് അംഗം അബു മർസൂക്ക് അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്ന് റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു.
തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നീട്ടി
ന്യൂഡൽഹി: തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നവംബർ രണ്ടുവരെ ദീർഘിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഒക്ടോബർ ഏഴിനാണ് എയർ ഇന്ത്യ തെൽ അവീവിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തിവെച്ചത്. ആഴ്ചയിൽ അഞ്ച് സർവിസുകളാണ് എയർ ഇന്ത്യ തെൽ അവീവിലേക്ക് നടത്തിയിരുന്നത്.