ബോളിവുഡ് താരം കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്തത് വലിയ അബദ്ധമായി പോയെന്ന് സംവിധായകൻ ഹൻസൽ മെഹ്ത. സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന സ്വഭാവം കങ്കണക്കുണ്ടെന്നും അത് സിനിമയെ പ്രതികൂലമായി ബാധിച്ചെന്നും സംവിധായകൻ പറയുന്നു. 2017 ൽ പുറത്തിറങ്ങിയ സിമ്രാൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തത്.
മാഷബിൾ ഇന്ത്യ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ സിനിമയുടെ എഡിറ്റിങ് കങ്കണ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തലപൊക്കിയിരുന്നു. ഇതിനെ കുറിച്ച് ചോദിക്കവെയാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം തന്നെ കങ്കണ ഒരു മികച്ച നടിയാണെന്നും മെഹ്ത പറയുന്നുണ്ട്.
‘സിനിമ എഡിറ്റ് ചെയ്യാൻ വേണ്ടി അതിൽ ഒന്നും തന്നെ ഇല്ലായിരുന്നു. ആ സിനിമ ചിത്രീകരിച്ചത് കങ്കണയായിരുന്നു. അവർ മികച്ച നടിയാണ്. എന്നാൽ നല്ല നടിയെന്ന നിലയിൽ അവർ സ്വയം നിയന്ത്രിക്കുകയാണ്. ചെയ്യുന്ന കഥാപാത്രങ്ങളെ കുറിച്ച് അവർ എന്താണോ കരുതിയിരിക്കുന്നത് അതുപോലെ തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നു. എന്നാൽ അതിന്റെ ആവശ്യമില്ല. അവരുടെ തിരഞ്ഞടുപ്പുകളെ ഒരിക്കലും ഞാൻ ഒരിക്കലും കുറ്റപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ഇല്ല. എന്നാൽ കങ്കണയുമായി ഒരു കെമിസ്ട്രിയില്ലായിരുന്നു. ആ ചിത്രം ഒരു അബദ്ധമായിപ്പോയി’ -ഹൻസൽ മെഹ്ത പറഞ്ഞു നിർത്തി.സന്ദീപ് കൗർ എന്ന സ്ത്രീയുടെ ജീവിതത്ത ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു സിമ്രാൻ. 2007ൽ റിലീസ് ചെയ്ത് ചിത്രത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞില്ല.