ഗുരുഗ്രാം: ഹരിയാനയിലെ പൽവാലിൽ ആഗസ്റ്റ് 13ന് നടന്ന സർവ് ഹിന്ദു സമാജ് മഹാപഞ്ചായത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.പോണ്ട്രി ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ ഒരു വിഭാഗത്തിൽപ്പെട്ടവർക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് പ്രൊബേഷണൽ സബ് ഇൻസ്പെക്ടർ സച്ചിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മുസ്ലിം ആധിപത്യമുള്ള ജില്ലയായ നൂഹിലെ ഹിന്ദുക്കൾക്ക് സ്വയംപ്രതിരോധത്തിനായി ആയുധ ലൈസൻസ് നേടുന്ന നടപടിയിൽ ഇളവ് നൽകണമെന്ന് ചില ഹിന്ദു നേതാക്കൾ പരിപാടിയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവന നടത്തൽ എന്നിവ പ്രകാരമാണ് തിങ്കളാഴ്ച ഹതിൻ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.ജൂലൈയിലെ വർഗീയ കലാപത്തെത്തുടർന്ന് തടസ്സപ്പെട്ട വി.എച്ച്.പിയുടെ ബ്രജ് മണ്ഡൽ യാത്ര ആഗസ്റ്റ് 28-ന് നൂഹിൽ പുനരാരംഭിക്കാൻ ഹിന്ദു സംഘടനകളുടെ ‘മഹാപഞ്ചായത്ത്’ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 31ന് നൂഹിൽ നടന്ന വി.എച്ച്.പി യാത്രയ്‌ക്കെതിരായ ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്നും നൂഹിനെ ഗോവധ രഹിത ജില്ലയായി പ്രഖ്യാപിക്കണമെന്നും ഉൾപ്പെടെ നിരവധി ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.