ന്യൂഡൽഹി: 2007ലെ വിദ്വേഷപ്രസംഗക്കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശ്വാസം. യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസുമാരായ ഹിമ കോലി, സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2007 ജനുവരി 27ന് ഗൊരഖ്പുരില്‍ നടന്ന ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ പരിപാടിയില്‍ അന്ന് എംപിയായിരുന്ന യോഗി ആദിത്യനാഥ് മുസ്‍ലിംവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതിനെതിരെ പര്‍വേസ് പര്‍വാസ് ആണ് ഹര്‍ജി നല്‍കിയത്. 2018 ഫെബ്രുവരി 22ന് അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.