ന്യൂഡൽഹി: സെപ്റ്റംബർ 18ന് തുടങ്ങുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73ാം പിറന്നാളാണെന്നും അതിന്റെ ആഘോഷത്തിന് വേണ്ടിയാണ് 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നതെന്നുമാണ് ഒബ്രിയാന്റെ പരിഹാസം.
സെപ്റ്റംബർ 18 മുതൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചുവെങ്കിലും അജണ്ട വെളിപ്പെടുത്തിയിട്ടില്ല. പാർലമെന്റ് സമ്മേളനം സംബന്ധിച്ച് ബി.ജെ.പി എം.പിമാർക്ക് വിപ്പ് നൽകുകയും ചെയ്തിരുന്നു. നിർണായകമായ ബില്ലുകളിൽ സമ്മേളനത്തിൽ ചർച്ച നടക്കുമെന്ന സൂചന വിപ്പിൽ ബി.ജെ.പി നൽകി.
അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ പാസാക്കാനാണ് സമ്മേളനം ചേരുന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാജ്യത്തിന്റെ പേര് മാറ്റി ഭാരത് എന്നാക്കാനാണ് സമ്മേളനമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.