ദില്ലി: ദില്ലിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കാറിടിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. അമൻ വിഹാർ സ്വദേശിനിയായ 20 കാരിയാണ് മരിച്ചത്. സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച കാര്‍ ടയറിനിടയില്‍ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി. ദില്ലിയിലെ സുൽത്താൻപുരിയിൽ അർദ്ധരാത്രിയിൽ പുതുവത്സരാഘോഷങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പുലര്‍ച്ചെ 3.45 ഓടെ യുവതി ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നും അമിത വേഗതയയിലെത്തിയ മാരുതി ബലേനോ കാര്‍ യുവതിയുെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനത്തിന് അടിയിലേക്ക് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി. അഞ്ച് പേരാണ് കാറിലുണ്ടായാരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാറിന്‍റെ ടയറിനുള്ളില്‍ യുവതിയുടെ കൈകാലുകള്‍ കുരുങ്ങി. അപകടം നടന്നതായി മനസിലാക്കിയിട്ടും പ്രതികള്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ദൃക്സാക്ഷികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ചെക്കിംഗ് പോയിന്‍റിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പുലര്‍ച്ചെ 4.11 ഓടെയാണ് പരിശോധനയില്‍ യുവതിയുടെ മൃതദേഹം റോഡരുകില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നു, എന്നാല്‍ യുവതി കാറിനടിയില്‍ അകപ്പെട്ടെതായി അറിഞ്ഞില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദാരുണമായ അപകടമാണ് നടന്നത്. യുവതിയുടെ കുടംബത്തിന് നീതി ലഭിക്കാനായി മുഴുവന്‍ സത്യവും പുറത്ത് വരണമെന്ന് മലിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.