ബെംഗളൂരു: തമിഴ്നാട് ബിജെപി അധ്യക്ഷനും കർണാടകയിലെ തെരഞ്ഞെടുപ്പ് കോ ഇൻ ചാർജുമായ അണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനവുമായി ജഗദീഷ് ഷെട്ടർ. എന്നെപ്പോലെ ആറും ഏഴും തവണ എംഎൽഎമാരായിട്ടുള്ള ധാരാളം ആളുകൾ ബിജെപിയിൽ ഉണ്ട്. എന്നാൽ ഒരു തെരഞ്ഞെടുപ്പിൽ പോലും വിജയിക്കാത്ത വ്യക്തിയാണ് ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയെന്ന് ഷെട്ടാർ വിമർശിച്ചു. മത്സരിക്കാൻ ടിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് ബിജെപി വിട്ട ഷെട്ടർ ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയാണ്.
കർണാടകയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിനെ ബിജെപി ഏൽപ്പിച്ചു. പാർട്ടിയുടെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റും മുൻ കർണാടക കേഡർ ഐപിഎസ് ഓഫീസറുമായ കെ അണ്ണാമലൈയെ കോ-ഇൻചാർജ് ആയാണ് ചുമതലപ്പെടുത്തിയത്.
തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ അണ്ണാമലൈയെയാണ് ബിജെപി നിയമിച്ചത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ അവർ ദയനീയമായി പരാജയപ്പെട്ടു. വെറും 4-5 സീറ്റുകൾ മാത്രമാണ് അവർ നേടിയതെന്നും ഷെട്ടർ കുറ്റപ്പെടുത്തി. ഈയിടെ കോർ കമ്മിറ്റി യോഗത്തിന് ഞങ്ങൾ ഒരു മീറ്റിംഗിന് ഇരുന്നപ്പോൾ അദ്ദേഹത്തിന് ഒരു സീറ്റിൽ പോലും വ്യക്തതയില്ലെന്ന് ബോധ്യമായി. ഒരു സീറ്റിലെങ്കിലും അദ്ദേഹത്തിന് കുറച്ച് വ്യക്തതയുണ്ടാകണമല്ലോ. എന്തുകൊണ്ടാണ് ഒരു സീറ്റിൽ പോലും സ്ഥാനാർത്ഥിയെ നിശ്ചയിക്കാത്തതെന്ന് എനിക്ക് മനസ്സിലായില്ലെന്നും അണ്ണാമലൈയുടെ ചുമതലക്ക് പിന്നിൽ രാഷ്ട്രീയ ലോബിയാണോ എന്നും ഷെട്ടർ ചോദിച്ചു. ഞങ്ങൾ മന്ത്രിമാരായിരിക്കുമ്പോൾ അദ്ദേഹം ഐപിഎസ് ഓഫീസറായി പ്രവർത്തിച്ചു. ഇപ്പോൾ അദ്ദേഹം ഇലക്ഷൻ കോ-ഇൻചാർജ് ആണ്. ഞങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ ചെറിയ കുട്ടികളെപ്പോലെ ഇരിക്കുന്നു. എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നതെന്നും ഷെട്ടർ ചോദിച്ചു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിക്കുകയും 1994 മുതൽ പ്രതിനിധീകരിക്കുന്ന ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലം വിട്ടുനൽകാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ജഗദീഷ് ഷെട്ടാർ ബിജെപിയിൽ നിന്ന് രാജിവച്ചു. തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഹുബ്ബാലി-ധാർവാഡിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും.