ആലപ്പുഴ : ജില്ലകളിൽ കോവിഡ് കണക്ക് നൽകുന്നതിന് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം. കോവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ജില്ലയിൽ നിന്നു മാധ്യമങ്ങൾക്കു നൽകരുതെന്ന് ആരോഗ്യ വകുപ്പ് വീണ്ടും നിർദേശം നൽകിയതിനെത്തുടർന്ന് ജില്ലയിൽ എത്ര പേർക്ക് കോവിഡ് പിടിപെട്ടെന്നോ ടിപിആർ എത്രയെന്നോ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സംസ്ഥാനതലത്തിൽ ഇന്നലെ രാത്രി 9 വരെയും റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല. സംസ്ഥാനത്ത് കോവിഡ് പിടിവിട്ട് ഉയരുന്നതിനിടയിലാണ് ആരോഗ്യവകുപ്പ് വീണ്ടും വിവാദ നിർദേശവുമായി രംഗത്തെത്തിയത്.
നേരത്തെ സമാനമായ ഉത്തരവ് നൽകിയത് വിവാദമായിരുന്നു. ജില്ലയിലെ കോവിഡ് വിവരങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പിനു കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന തലത്തിൽ മാത്രമേ വിവരം ലഭിക്കൂ എന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. കോവിഡ് വാക്സീൻ വിതരണം എല്ലാ കേന്ദ്രങ്ങളിലും നടക്കുന്നുണ്ട്. കോവിഡ് ബാധിച്ചവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ 0477 2239999 എന്ന നമ്പറിൽ അറിയിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
ഔദ്യോഗിക കണക്കിൽ 1564 പേർക്ക് കോവിഡ്
ആലപ്പുഴ ജില്ലയിൽ ഇന്നലെ 2163 പേർക്കു കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് അനൗദ്യോഗിക വിവരം. രാത്രി വൈകി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസിൽനിന്നു പുറത്തിറക്കിയ പത്രക്കുറിപ്പിലെ കണക്കനുസരിച്ച് 1564 പേർക്കാണ് ജില്ലയിൽ കോവിഡ് സ9്ഥിരീകരിച്ചത്. എന്നാൽ ഔദ്യോഗിക വെബ്സൈറ്റിൽ ഈ വിവരം രാത്രി വൈകിയും അപ്ഡേറ്റ് ചെയ്തിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പത്രക്കുറിപ്പിൽ ഇല്ല.