കോഴിക്കോട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ മുമ്പും പരാതി. അറസ്റ്റിലായ കോഴിക്കോട് കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി നിരന്തരം കൈക്കൂലി വാങ്ങുന്നയാളാണെന്ന പരാതി നേരത്തെയും വിജിലൻസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആഫില്‍ അഹമ്മദ് എന്നയാളുടെ പരാതിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിജിലന്‍സ് കൈയ്യോടെ പിടികൂടിയത്. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.കട തുടങ്ങുന്നതിനായുള്ള ലൈസൻസ് നൽകാനായി കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒരു മാസം മുൻപാണ് കട തുടങ്ങുന്നതിനായുളള ലൈസൻസിനായി മുറ്റിച്ചിറ സ്വദേശി ആഫിൽ അഹമ്മദ് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പക്ടറായ ഷാജിയ്ക്ക് അപേക്ഷ നൽകിയത്. ലൈസൻസ് ലഭിക്കണമെങ്കിൽ 5000 രൂപ നൽകണമെന്ന് ഷാജി ആവശ്യപ്പെട്ടു. ആഫിൽ ബുദ്ധിമുട്ടുകൾ അറിയിച്ചതോടെ കൈക്കൂലി 2500 രൂപയാക്കി. 1000 രൂപ നൽകിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫിൽ വിജിലൻസിനെ സമീപിച്ചത്. 1500 രൂപ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുളള സംഘം ഓഫീസിലെത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. 1500 രൂപ കൈപറ്റുന്നതിനിടെയാണ് അറസ്റ്റ്.