ഇംഫാൽ∙ ഹൃദയഭേദകമായ സംഭവങ്ങളാണ് മണിപ്പുരിലേതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കലാപ ബാധിതരുടെ ക്യാംപുകൾ സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.‘‘കലാപത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരെ കാണേണ്ടി വരുന്നത് ഹൃദയഭേദകമാണ്. കണ്ടുമുട്ടിയ സഹോദരീസഹോദരൻമാരുടെയും കുട്ടികളുടെയും മുഖത്ത് സഹായിക്കണമെന്ന നിലവിളിയാണ് പ്രതിഫലിക്കുന്നത്. മണിപ്പുരിൽ ഏറ്റവും അത്യാവശ്യം സമാധാനമാണ്. സമാധാന പ്രകൃയയില്‍ എന്നാലാകുംപോലെ പങ്കുവഹിക്കും. എല്ലാ ഉദ്യമങ്ങളും സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ളതാകണം’’– രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ സന്ദർശനം ഇന്നലെയാണ് ആരംഭിച്ചത്. 10 രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുണൈറ്റഡ് നാഗ കൗൺസിൽ (യുഎൻസി) നേതാക്കൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ അംഗങ്ങൾ എന്നിവരുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.
മൊയ്‌രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. റോഡ് മാര്‍ഗം ഒഴിവാക്കി ഹെലികോപ്റ്ററിലാണ് ഇന്ന് രാവിലെ ഇംഫാലില്‍നിന്ന് മൊയ്‌രാങ്ങിലെത്തിയത്. രാഹുലിനെ സ്വീകരിക്കാന്‍ മെയ്തെയ് സ്ത്രീകളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ‘ഞങ്ങള്‍ക്ക് സമാധാനം വേണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ആയിരങ്ങളെത്തിയത്.