ഷാര്‍ജ : ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും തണുപ്പുമായാണ് യു.എ.ഇ. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ രാജ്യത്തെങ്ങും ഇടിയോടുകൂടി കനത്ത മഴയും തണുപ്പുമായിരുന്നു. വെള്ളിയാഴ്ച യു.എ.ഇ.യില്‍ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രവും അറിയിച്ചിരുന്നു. ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ ആളുകള്‍ പുതുവര്‍ഷത്തലേന്ന് പുറത്തിറങ്ങി മഴ ആസ്വദിക്കുകയും ഫുജൈറ, ഖോര്‍ഫക്കാന്‍ അടക്കം കിഴക്കന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയുമായിരുന്നു. അബുദാബിയുടെ വിവിധ ഭാഗങ്ങളിലും മഴപെയ്തു. പലയിടത്തും കനത്ത മഴകാരണം റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി. ഷാര്‍ജയില്‍ ഇടറോഡുകളിലുണ്ടായ വെള്ളക്കെട്ടില്‍ കുട്ടികള്‍ ‘തോണി കളിക്കുന്നതും’ കാണാമായിരുന്നു.
വെള്ളക്കെട്ട് കാരണം വെള്ളിയാഴ്ച വൈകീട്ടോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മണിക്കൂറുകള്‍കൊണ്ടാണ് റോഡിലെ വെള്ളക്കെട്ട് നഗരസഭ നീക്കിയത്. പുതുവര്‍ഷത്തലേന്നും വാരാന്ത്യ അവധിയും ഒന്നിച്ചുവന്നതിനാല്‍ ബീച്ചുകളിലും തിരക്കേറി. വാഹനമോടിക്കുന്നവര്‍ക്ക് പോലീസ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഷാര്‍ജ, അജ്മാന്‍ ബീച്ചുകളിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ കടലിലിറങ്ങുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പുണ്ടായി. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രവാസികള്‍ മഴചിത്രങ്ങളിട്ട് ആഘോഷിക്കുകയും ചെയ്തു.