തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. ഈ സാഹചര്യത്തിൽ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോട് കൂടിയ മിതമായതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 11 മുതൽ 13 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. അതിനിടെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.