കോഴിക്കോട് : കനത്ത മഴ തുടരുന്ന വടക്കന്‍ കേരളത്തിലെ മലയോര മേഖല മണ്ണിടിച്ചില്‍ ഭീതിയില്‍. കോഴിക്കോട് മൂഴിക്കലില്‍ മണ്ണിടിച്ചിലില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കോറോലത്ത് മീത്തല്‍ സാബിറയുടെ വീടിനാണ് കേടുപറ്റിയത്. സമീപത്തെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തുഷാരഗിരിയിൽ ചാലി പുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ജില്ലയില്‍ ഇന്നലെ മാത്രം 42 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഒട്ടേറെ കിണറുകള്‍ ഇടിഞ്ഞുതാണു. രാവിലെ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ മാവൂരില്‍ വെള്ളക്കെട്ട് കുറഞ്ഞു. ഇവിടെ ഏക്കര്‍ കണക്കിന് കൃഷി നശിച്ചിരുന്നു. പൂനൂര്‍ പുഴ കര കവിഞ്ഞതിനാല്‍ താമരശേരി ഭാഗത്ത് പുഴയോരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.
കണ്ണൂരില്‍ ഇടവിട്ടുള്ള മഴ തുടരുകയാണ്. ഇന്നലെ മാത്രം 18 വീടുകള്‍ തകര്‍ന്നു. മൂവായിരം വാഴകള്‍ നശിച്ചു. പെരളശേരിയില്‍ 15 വീടുകളില്‍ വെള്ളം കയറി. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. ചെറുപുഴ കാനംവയലില്‍ വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്.
മലപ്പുറത്തും പാലക്കാടും മഴ കുറവാണ്. പാലക്കാട് മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മലപ്പുറത്ത് ചാലിയാറിലെ ജലനിരപ്പും കുറഞ്ഞു. വയനാട്ടില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 16 ദുരിതാശ്വാസ ക്യാംപുകളിലായി 227 കുടുംബങ്ങളാണുള്ളത്.