റാഞ്ചി: ഝാർഖണ്ഡിൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങി ഹേമന്ത് സോറൻ. ജൂലൈ ഏഴിന് വൈകീട്ട് അഞ്ച് മണിയോടെയായിരിക്കും സത്യപ്രതിജ്ഞ. സർക്കാർ രൂപീകരിക്കാൻ സോറനെ ഗവർണർ സി.പി രാധാകൃഷ്ണൻ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
നേരത്തെ, ചമ്പായ് സോറെന്റ വസതിയിൽ ചേർന്ന പാർട്ടിയുടെയും സഖ്യകക്ഷികളുടെയും എം.എൽ.എമാരുടെയും യോഗത്തിൽ ഹേമന്ത് സോറനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. യോഗത്തിൽ ഹേമന്ത് സോറനെ മൂന്നാം തവണയും മുഖ്യമന്ത്രിയാക്കാൻ തീരുമാനമായെന്ന് ചൂണ്ടിക്കാട്ടിയാണ് ജാർഖണ്ഡ് നിലവിലെ മുഖ്യമന്ത്രി ചമ്പായ് സോറൻ കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇരുവരും ഒരുമിച്ച് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
ഭൂമിഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹേമന്ത് സോറന് ജാമ്യം ലഭിച്ചതോടെയായിരുന്നു ചമ്പായ് സോറന്‍റെ രാജി. ജൂൺ 28നായിരുന്നു അഞ്ചര മാസത്തെ ജയിൽ വാസത്തിനൊടുവിൽ ഇദ്ദേഹത്തിന് മോചനം ലഭിക്കുന്നത്. ജനുവരി 31ന് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്.