വലിയൊരു ഇടവേളയ്ക്കു ശേഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്ത യാഥാസ്ഥിതിക നിലപാടുള്ള റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഇതു അനുഗ്രഹമാകുന്നു. എന്നിരുന്നാലും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്നെ സ്ഥിര നിക്ഷേപം (എഫ്ഡി) പിന്‍വലിക്കുന്നതിന് നേരിടാവുന്ന പിഴത്തുകയെ സംബന്ധിച്ച് അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമാകും.
കാലാവധിക്കു മുന്നെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകരെ അനുവദിക്കുമെങ്കിലും ഇത്തരം അവസരങ്ങളില്‍ പിഴത്തുകയും ഈടാക്കാറുണ്ട്. പലിശ നിരക്കിന്റെ 0.5% മുതല്‍ 3% വരെയാണ് പൊതുവില്‍ പിഴയായി ചുമത്തുന്നത്. എന്നിരുന്നാലും ബാങ്കുകളുടെ തന്നെ മറ്റ് നിക്ഷേപ പദ്ധതികളിലേക്കാണ് പിന്‍വലിക്കുന്ന തുക ഇടുന്നതെങ്കില്‍ പിഴത്തുക ഒഴിവാക്കി നല്‍കാറുമുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ മുഖേനയും എഫ്ഡി നിക്ഷേപം അവസാനിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കാലാവധിക്ക് മുന്നെ സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നതിന് പ്രധാനപ്പെട്ട ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്ന പിഴത്തുക ചുവടെ ചേര്‍ക്കുന്നു.
എസ്ബിഐ- കാലാവധിക്ക് മുന്നെ 5 ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപം പിന്‍വലിച്ചാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), 0.5 ശതമാനമാണ് പിഴപ്പലിശയായി ഈടാക്കുന്നത്. 5 ലക്ഷത്തിന് മുകളിലുള്ള എഫ്ഡി നിക്ഷേപങ്ങള്‍ നേരത്തെ പിന്‍വലിച്ചാല്‍ പിഴ 1 ശതമാനമായി ഉയരും. 7 ദിവസത്തില്‍ താഴെ മാത്രമുള്ള നിക്ഷേപങ്ങള്‍ക്ക് പലിശയൊന്നും നല്‍കില്ല.
പിഎന്‍ബി- ഏതു കാലയളവിലേക്കുള്ളതായാലും പൂര്‍ത്തിയാകുന്നതിന് മുന്നെ നിക്ഷേപം പിന്‍വലിച്ചാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), 1 ശതമാനമാണ് പിഴപ്പലിശയായി ചുമത്തുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത നിരക്കില്‍ നിന്നും 1% താഴ്ത്തിയാകും പലിശ നല്‍കുക.
എച്ച്ഡിഎഫ്‌സി ബാങ്ക്- യഥാര്‍ത്ഥ കാലാവധിയിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടതിലും താഴ്ന്ന നിരക്കിലോ അടിസ്ഥാന നിരക്കിലോ ആകും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്നെ എഫ്ഡി നിക്ഷേപം പിന്‍വലിച്ചാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് അനുവദിക്കുക. കൂടാതെ സ്വീപ്-ഇന്‍, പാര്‍ഷ്യല്‍ വിഭാഗം ഉള്‍പ്പെടെയുള്ള എഫ്ഡി അക്കൗണ്ടുകളില്‍ 1% പിഴയും ഈടാക്കും.
ഐസിഐസിഐ ബാങ്ക്- 5 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപം ഒരു വര്‍ഷം തികയുന്നതിന് മുന്നെ പിന്‍വലിക്കുകയാണെങ്കില്‍ 0.5% നിരക്കിലാണ് പിഴ ഈടാക്കുക. ഒരു വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് നിറുത്തലാക്കുന്നതെങ്കില്‍ 1% നിരക്കില്‍ പിഴപ്പലിശയായും ഐസിഐസിഐ ബാങ്ക് ചുമത്തും. 5 കോടിക്ക് മുകളിലുള്ള നിക്ഷേപം 5 വര്‍ഷത്തിന് ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ 1.5 ശതമാനവും 5 വര്‍ഷത്തിനുള്ളിലാണ് നിറുത്തലാക്കുന്നതെങ്കില്‍ 1% നിരക്കിലും പിഴപ്പലിശ ഈടാക്കുന്നു.