കൊച്ചി : അസമിൽ നിന്നു എത്തിക്കുന്ന ഹെറോയിൻ ചെറു ഡപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്ന മൂന്നംഗ അതിഥി തൊഴിലാളികൾ പൊലീസ് പിടിയിൽ. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടിൽനിന്നാണ് അസം സ്വദേശികളായ ഹൈറുൽ ഇസ്‌ലാം (31), അഹമ്മദ് അലി(35), മുസിദുൽ ഇസ്‌ലാം(26) എന്നിവർ പിടിയിലായത്. തടിയിട്ടപറമ്പ് പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഇവരെ അന്വേഷിച്ചു ചെല്ലുമ്പോൾ വിൽപനയ്ക്കായി പ്രതികൾ ബൈക്കുമായി ഇറങ്ങുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. വീട് പരിശോധിച്ചപ്പോൾ കുട്ടികൾക്ക് ഉപയോഗിക്കുന്ന ഡയപ്പറിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് 153 ഗ്രാം ഹെറോയിൻ കണ്ടെത്തിയത്. പിവിസി പൈപ്പിനുള്ളിൽ സോപ്പുപെട്ടികളിൽ അടച്ച ശേഷമായിരുന്നു ഡയപ്പറിൽ ഇതു സൂക്ഷിച്ചത്. ഹെറോയിൻ തണുത്തു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു പ്രതികളുടെ വിശദീകരണം. ചെറിയ ഒരു കുപ്പി ഹെറോയിനു പ്രതികൾ 600 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കിയിരുന്നു. എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്.